വയനാട് : കാട്ടുപന്നിയെ തുരത്തുന്നതിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിൽ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയാണെന്ന് കരുതി അബദ്ധത്തിലാണ് യുവാവിന് നേരെ വെടിയുതിർത്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.
കോട്ടത്തറ സ്വദേശി ജയൻ ആണ് കാട്ടുപന്നികളെ തുരത്തുന്നതിനിടെ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ജയനൊപ്പം സുഹൃത്തായ ഷരുണിനും വെടിയേറ്റിരുന്നു. ഇയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. സംഭവത്തിന് പിന്നാലെ ജയന്റെ കൂടെയുണ്ടായിരുന്ന ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരെയും, പ്രദേശവാസികളെയും ചോദ്യം ചെയ്തിരുന്നു.
ആരംഭത്തിൽ തോക്കിൽ തിര നിറയ്‌ക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതോടൊപ്പം തന്നെ ജയന്റെ കൂടെയുണ്ടായിരുന്നവരെയും പോലീസ് സംശയിച്ചിരുന്നു. എന്നാൽ ദൂരെ നിന്നുമാണ് ജയന് വെടിയേറ്റത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. വെടിയേറ്റ് മരിച്ച ജയന്റെ ദേഹത്ത് നിന്നും പരിക്കേറ്റ ബന്ധു ഷരുണിന്റെയും ശരീരത്തിൽ നിന്നും ഓരോ വെടിയുണ്ടകൾ വീതമാണ് ലഭിച്ചത്.
















Comments