കോട്ടയം : തിരുവല്ലയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകം ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ തലയിൽകെട്ടിവയ്‌ക്കാനുള്ള സിപിഎം ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കല്ലുവെച്ച നുണകൾ പറയാൻ സിപിഎം നേതാക്കൾ കാണിക്കുന്ന ആത്മവിശ്വാസം അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇങ്ങനെയാണ് സിപിഎം നാട്ടിൽ കലാപങ്ങൾ സൃഷ്ടിച്ചിരുന്നതെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കി.
തിരുവല്ലയിൽ സി.പി.എം. ലോക്കൽ സെക്രട്ടറിയെ കൊന്നത് ഡി.വൈ.എഫ്.ഐക്കാരുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾ. കണ്ടെത്തൽ കേരളാ പോലീസിന്റേതാണ്. സംഭവത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പെടെ നാല് പേർ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും സിപിഎമ്മിന്റെ ഉന്നത നേതാക്കൾ അടക്കമുള്ളവർ ഇപ്പോഴും ആർഎസ്എസിന്റെ മേൽ കൊലപാതക കേസ് കെട്ടിവെക്കാനുള്ള ശ്രമത്തിലാണ്. പ്രതികളിലൊരാളായ ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു രഘു മുൻപ് യുവമോർച്ചയിൽ പ്രവർത്തിച്ചിരുന്നു എന്നത് സത്യമാണ്. ആ ബന്ധത്തിന്റെ പേരിൽ മറ്റ് 3 ഡി.വൈ.എഫ്.ഐക്കാരുടെ പങ്കാളിത്തം സിപിഎം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികളായ കണ്ണൂർ മരുതുംപാടി കുന്നിൽ ഹൗസിൽ മൊയ്തീന്റെ മകൻ മുഹമ്മദ് ഫൈസൽ, ചങ്ങനാശ്ശേരി പായിപ്പാട് കൊച്ചുപറമ്പ് വീട്ടിൽ പ്രമോദ് പ്രസന്നൻ, വേങ്ങൽ പടിഞ്ഞാറത്തുണ്ടിയിൽ പി.എ. നന്ദുകുമാർ എന്നിവരാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. വ്യക്തി വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നുണക്കഥകൾക്ക് നിമിഷങ്ങളുടെ ആയുസ് പോലുമില്ലെന്ന് തിരിച്ചറിഞ്ഞിട്ടും കല്ലുവെച്ച നുണ പറയാൻ സിപിഎം നേതാക്കൾ കാണിക്കുന്ന ആത്മവിശ്വാസം അത്ഭുതപ്പെടുത്തുന്നതാണ്. ഇങ്ങനെ ഒക്കെയാണ് ഇവർ നാട്ടിൽ കലാപങ്ങൾ സൃഷ്ടിച്ചിരുന്നത്. സത്യവും സിപിഎമ്മും എന്നും വിരുദ്ധ ധ്രുവങ്ങളിൽ ആണ് എന്ന് സമൂഹം മനസിലാക്കണമെന്നും സന്ദീപ് വാചസ്തപതി പറഞ്ഞു.
കൊലപാതകിയായി പോലീസ് തിരിച്ചറിഞ്ഞ ജിഷ്ണുവിന്റെ അച്ഛൻ രഘു സ്ഥലത്തെ പ്രധാന സി.ഐ.ടി.യു. പ്രവർത്തകനും, ജിഷ്ണു കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യങ്ങളെല്ലാം മറച്ചു വെച്ചാണ് സിപിഎം ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഒരു വിധ രാഷ്‌ട്രീയ സംഘർഷവും നില നിൽക്കുന്ന പ്രദേശമല്ല തിരുവല്ല. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ ദൗർഭാഗ്യ സംഭവത്തിന്റെ ഗുണഭോക്താക്കൾ ആരെന്നും ജനങ്ങൾ ചിന്തിക്കണം. പാർട്ടി നേതാക്കൾക്കെതിരായ ലൈംഗിക പീഡന കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആർ.എസ്.എസ് ബിജെപി പ്രവർത്തകരുടെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുന്നത്. സത്യം അറിയുന്ന പ്രവർത്തകർ ഈ കള്ള പ്രചരണത്തിൽ നിന്ന് പിന്മാറണമെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേർത്തു.
Comments