കാബൂൾ : താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദയുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിക്കുന്നു. ഹിബത്തുള്ള ജീവിച്ചിരുപ്പുണ്ടോ മരിച്ചുവോ എന്ന കാര്യത്തിൽ അഫ്ഗാൻ ജനതയ്‌ക്കിടിയിൽ ഇനിയും വ്യക്തത വരുത്താൻ താലിബാന് കഴിഞ്ഞിട്ടില്ല. നിലവിൽ ആരാണ് ഭീകര സംഘടനയെ മുന്നോട്ട് നയിക്കുന്നത് എന്ന കാര്യത്തിൽ നിരീക്ഷകർ പോലും സംശയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2019 മുതലാണ് അഖുൻസാദ മുഖ്യധാരയിൽ നിന്നും അപ്രത്യക്ഷനായത്. ഇത് രാഷ്‌ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയായിരുന്നുവെങ്കിലും അഖുൻസാദയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ശക്തമായത് അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെയാണ്.
നിർണായക നേട്ടം സ്വന്തമാക്കിയ ദിനത്തിൽ പോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലായിരുന്നു അഭ്യൂഹങ്ങൾ ശക്തമായത്. ഇതിന് പിന്നാലെ പാകിസ്താനിലുണ്ടായ ചാവേർ ആക്രമണത്തിൽ അഖുൻസാദ കൊല്ലപ്പെട്ടെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ കാണ്ഡഹാറിൽ നടന്ന പരിപാടിയിൽ അഖുൻസാദ പങ്കെടുക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ടായിരുന്നു താലിബാൻ ഇതിന് വിരാമം ഇട്ടത്. ഇതിന് ശേഷം അഖുൻസാദയുടെ സജീവ ഇടപെടൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നേതാവ് വീണ്ടും മുഖ്യധാരയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതേ തുടർന്നാണ് വീണ്ടും ഊഹാപോഹങ്ങൾ ശക്തമായത്.
കാണ്ഡഹാറിലെ ജാമിയ ദാരുൾ അലൂം ഹക്കിമിയ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത വീഡിയോ ദൃശ്യങ്ങൾ ആയിരുന്നു താലിബാൻ പുറത്തുവിട്ടത്. ഈ പരിപാടിയിൽ അഖുൻസാദയെ കണ്ടതായി സ്‌കൂളിന്റെ സുരക്ഷാ മേധാവി പറയുന്നു. ആയുധധാരിയായ അദ്ദേഹം മൂന്ന് അംഗരക്ഷകർക്കൊപ്പമാണ് വേദിയിൽ എത്തിയത്. പരിപാടിയിൽ പങ്കെടുക്കുന്നവരെ ഹാളിലേക്ക് മൊബൈൽ ഫോണോ സൗണ്ട് റെക്കോർഡിംഗം ഉപകരണമോ കൊണ്ടു പോകാൻ അംഗരക്ഷകർ സമ്മതിച്ചില്ല. അഖുൻസാദ ആരോഗ്യവാനായി തന്നെ ഇരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം അഖുൻസാദയാണോ പരിപാടിയിൽ പങ്കെടുത്തത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് സ്‌കൂളിലെ വിദ്യാർത്ഥിയിൽ നിന്നും ലഭിക്കുന്ന വിവരം.
Comments