മുംബൈ: അന്താരാഷ്‌ട്ര വിമാനയാത്രികരായി മുംബൈയിലിറങ്ങിയ ഒൻപത് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. നവംബർ മാസം 10-ാം തിയതി മുതൽ ഇന്നലെ വരെ ഇന്ത്യയിലെത്തിയ വിമാനയാത്രക്കരുടെ പരിശോധനയിലാണ് കൊറോണ പോസ്റ്റീവാണെന്ന വിവരം ലഭിച്ചത്. എല്ലാവരുടേയും പരിശോധനാ ഫലങ്ങൾ ബൃഹൻമുബൈ മുൻസിപ്പൽ കോർപ്പറേഷൻ ആരോഗ്യവകുപ്പാണ് സ്ഥിരീകരിച്ചത്.
കൊറോണ പോസിറ്റീവായ എല്ലാവരുടേയും സ്രവ സാമ്പിളുകൾ വീണ്ടും ജനിതക ശ്രേണീകരണ പരിശോധനയ്‌ക്കായി അയച്ചതായി ബിഎംസി അധികൃതർ അറിയിച്ചു. കർണ്ണാടകയിലെ രണ്ടു പേരുടെ കൊറോണ ഫലം ഒമിക്രോണാണ് എന്ന് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത കൂട്ടിയത്. എല്ലാ വിമാന താവളങ്ങളിലും ഇറങ്ങിയവരേയും കൊറോണ പോസ്റ്റീവായ എല്ലാവരേയും വീണ്ടും പരിശോധിക്കാൻ വിവിധ സംസ്ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അത്തരം യാത്രികരോട് സ്വയം പരിശോധിക്കാനും ആവശ്യമെങ്കിൽ വിദഗ്ധപരിശോധനയ്‌ക്കുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. അനാവശ്യ ഭീതിവേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നവംബർ മാസം ആദ്യം ശേഖരിച്ച സാമ്പിളിൽ നിന്നാണ് ദക്ഷിണാഫ്രിക്കയിൽ 25-ാം തിയതി ഒമിക്രോൺ ജനിതക ശ്രേണീകരണം വഴി തിരിച്ചറിഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ നിലവിലെ റിപ്പോർട്ടുപ്രകാരം 23 രാജ്യങ്ങളിൽ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഒമിക്രോൺ ഉണ്ടെന്ന് ബോദ്ധ്യപ്പെട്ട ആഫ്രിക്കയിലെ വൈറസ് ബാധിതരുടെ ആരോഗ്യനിലയിൽ ഗുരതരമായ മാറ്റങ്ങളില്ലെന്നത് തെല്ല് ആശ്വാസമാണ് പകരുന്നത്.
















Comments