ലക്നൗ : 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യോഗി ആദിത്യനാഥിന്റെ സ്വപ്നപദ്ധതി നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലേയ്‌ക്ക് . പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ ഏഴിന് ഗോരഖ്പൂർ സന്ദർശിക്കുമെന്നും 9,600 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
30 വർഷത്തിലേറെയായി ഉപയോഗശൂന്യമായി കിടന്ന ഗോരഖ്പൂർ വളം പ്ലാന്റാണ് യോഗി സർക്കാർ പുനരുജ്ജീവിപ്പിച്ചത് . ഏകദേശം 8,600 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക ഗോരഖ്പൂർ വളം പ്ലാന്റാണ് ഈ മാസം 7 ന് മോദി രാജ്യത്തിന് സമർപ്പിക്കുന്നത് .
യൂറിയ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള മോദിയുടെ കാഴ്ചപ്പാടാണ് പ്ലാന്റിന്റെ പുനരുജ്ജീവനത്തിന് പിന്നിലെ പ്രേരകശക്തി. ഗോരഖ്പൂർ പ്ലാന്റ് പ്രതിവർഷം 12.7 LMT യൂറിയ ലഭ്യമാക്കും, ഇത് പൂർവാഞ്ചൽ മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും കർഷകർക്ക് വളരെയധികം പ്രയോജനം ചെയ്യും. മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ, കോൾ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഫെർട്ടിലൈസർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ എന്നിവയുടെ സംയുക്ത സംരംഭമായ ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിന്റെ (എച്ച്‌യുആർഎൽ) നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചതെന്ന് പിഎംഒ അറിയിച്ചു. 1,000 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഗോരഖ്പൂരിലെ എയിംസിന്റെ സമ്പൂർണ്ണ പ്രവർത്തന സമുച്ചയവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
2016-ൽ അദ്ദേഹം സമുച്ചയത്തിന്റെ തറക്കല്ലിട്ടിരുന്നു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്‌ക്ക് കീഴിലാണ് ഇത് സ്ഥാപിച്ചത്. 750 കിടക്കകളുള്ള ആശുപത്രി, മെഡിക്കൽ കോളേജ്, നഴ്‌സിംഗ് കോളേജ്, ആയുഷ് കെട്ടിടം, എല്ലാ ജീവനക്കാർക്കും താമസ സൗകര്യം, യുജി, പിജി വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ താമസം എന്നിവ ഗോരഖ്പൂരിലെ എയിംസിൽ ഉൾപ്പെടുന്നു.
















Comments