മുംബൈ: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 540 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. അദ്യ ഇന്നിങ്‌സിൽ 263 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 276ന് ഡിക്ലയർ ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ടീമും ഇത്രയും വലിയ സ്‌കോർ പിന്തുടർന്ന് ജയിച്ചിട്ടില്ല.
മൂന്നാം ദിനത്തിൽ ബാറ്റിങ് തുടർന്ന ഇന്ത്യക്ക് ആദ്യ സെഷനിൽ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ മായങ്ക് അഗർവാൾ രണ്ടാമത്തേത്തിൽ അർധസെഞ്ച്വറി നേടി. മായങ്ക് 62 റൺസ് നേടിയാണ് പുറത്തായത്. ഓപ്പണിങ് കൂട്ടുകെട്ടിൽ മായങ്കിന് കൂട്ടായി ഇറങ്ങിയ ചേതേശ്വർ പൂജാര(47) മികച്ച പിന്തുണയേകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 107 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
ശുഭ്മാൻ ഗിൽ(46), ക്യാപ്റ്റൻ വിരാട് കോഹ്‌ലി(36), വൃദ്ധിമാൻ സാഹ(13)ശ്രേയസ്അ്യ്യർ(14),ജയന്ത് പട്ടേൽ(6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. അക്ഷർ പട്ടേൽ(41) പുറത്താകാതെ നിന്നു. ടി20യിൽ കളിക്കുന്ന പോലെ ആഞ്ഞടിച്ച അക്ഷർ വെറും 26 പന്തിൽ നിന്നാണ് ഇത്രയും നേടിയത്. നാല് സിക്‌സറും മൂന്ന് ബൗണ്ടറികളും അടിച്ചുകൂട്ടി.
ആദ്യ ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ന്യൂസിലാന്റിന്റെ അജാസ് പട്ടേൽ നാല് വിക്കറ്റുകൾ വീഴ്‌ത്തി. ഇതോടെ ഈ ടെസ്റ്റിൽ അജാസ് പട്ടേലിന്റെ വിക്കറ്റ് നേട്ടം 14 ആയി. രച്ചിൻ രവീന്ദ്രയാണ് ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ നേടിയത്. ആദ്യ ഇന്നിങ്സിൽ 62 റൺസിന് പുറത്തായി ഫോളോൺ വഴങ്ങിയ കിവീസ് രണ്ടാം ഇന്നിങ്‌സിലും പതറുകയാണ്. ഒരു വിക്കറ്റ് നഷ്ടത്തിൽ 13 എന്ന നിലയിലാണ്.ക്യാപ്റ്റൻ ടോം ലാത്തം(6) ആണ് പുറത്തായത്. ആർ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
Comments