സിഡ്‌നി: കൊറോണയുടെ പുതിയ വകഭേദം ഒമിക്രോൺ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിലും വ്യാപിക്കുന്നു. സിഡ്‌നിയിൽ സമൂഹവ്യാപനം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ക്യൂൻസ്‌ലാൻഡിൽ ഒരാൾക്കും ന്യൂസൗത്ത് വെയ്ൽസിൽ 15ൽ അധികം പേർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
സിഡ്‌നിയിൽ വിദേശയാത്ര ചെയ്യാത്ത അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ രണ്ട് സ്‌കൂളുകളിൽ നിന്നും ഒരു ജിമ്മിൽ നിന്നുമാകാം നഗരത്തിൽ രോഗം പടർന്നു പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ദോഹയിൽ നിന്നുള്ള വിമാനത്തിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശികളിൽ നിന്നുമാണ് ഓസ്‌ട്രേലിയയിൽ വൈറസ് വ്യാപിച്ചത്.
രാജ്യത്ത് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കപ്പട്ടികയിലുള്ളവരുടെ ജീനോം പരിശോധന നടക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്.
കൊറോണ വൈറസിന്റെ മുൻ വകഭേദങ്ങളെക്കാൾ ഒമിക്രോൺ വകഭേദം അപകടകാരികളല്ലെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇപ്പോൾ ഇന്ത്യ, യുഎസ്, ദക്ഷിണകൊറിയ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Comments