ഇടുക്കി: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രേമ ചന്ദ്രൻ എംപി രംഗത്ത്.തമിഴ്‌നാടുമായി സംസ്ഥാന സർക്കാറുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെന്ന് എൻ.കെ പ്രേമ ചന്ദ്രൻ എംപി പറഞ്ഞു. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മുൻപിൽ പോയി ഞങ്ങൾ എന്ത് ചെയ്യുമെന്ന് ഒരു മന്ത്രി വിലപിക്കുന്ന ദയനീയ അവസ്ഥയാണ് ഉള്ളത്.
കേരളത്തിന്റെ ചരിത്രത്തിൽ മുൻപ് ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രിയുടെ പരിതാപകരമായ അവസ്ഥ കണ്ട് ലജ്ജ തോന്നുന്നു. കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത കീഴടങ്ങലാണ് ഇപ്പോൾ നടക്കുന്നത്. സർക്കാറിന് ജനങ്ങളെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ രാജി വെച്ച് പോകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാറിന് ശക്തമായ നിർദ്ദേശം നൽകാൻ കഴിയണം.മേൽനോട്ട സമിതിയിലെ കേരളത്തിന്റെ പ്രതിനിധി എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ദുരന്ത നിവാരണ നിയമമനുസരിച്ച് കേരളത്തിന് നടപടി സ്വീകരിക്കാനാകും. അത് സ്വീകരിക്കാതെ തമിഴ്‌നാടിന് മുൻപിൽ കേരളം ഭയന്ന് വിറച്ച് നിൽക്കുകയാണ്.മറ്റേതെങ്കിലും സംസ്ഥാനത്തിന് വിധേയപ്പെട്ട് ജീവിക്കേണ്ട സാഹചര്യമാണ് മുല്ലപ്പെരിയാറിന് സമീപത്തെ ജനങ്ങൾക്കെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാർ എന്തിന് വേണ്ടിയാണ് കീഴടങ്ങുന്നതെന്ന് അദ്ദേഹം ചോദിച്ചു. തമിഴ്‌നാടുമായി സംഘർഷത്തിലേർപ്പെടണമെന്ന് ആഗ്രഹിക്കുന്നില്ല. എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ സാഹചര്യം ഉണ്ടാക്കണം. തമിഴ്‌നാടുമായി നല്ല സൗഹൃദാന്തരീക്ഷമുണ്ടെന്ന് പറയുമ്പോഴും മുഖ്യമന്ത്രി ഈ കാര്യത്തിൽ മൗനം പാലിക്കുന്നത് എന്താണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
അതേ സമയം മുല്ലപ്പെരിയാർ ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായി. രാത്രി വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കേറിയെന്നറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്ത്യനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Comments