കൊല്ലം : കെ എസ് ആർ ടി സി ബസ് കണ്ടക്ടർ മർദ്ദിച്ച മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു. ഭാരതിപുരം സ്വദേശി അനി സോമരാജനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.
കഴിഞ്ഞ മാസം 24 നായിരുന്നു അനി സോമരാജന് മർദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷം പുനലൂരിലെ ആശുപത്രിയിലേക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കരൾ രോഗിയായ അനി ക്ഷീണം തോന്നിയതോടെ ബസിന്റെ സിറ്റിൽ കിടന്നു. ഈ സമയം മദ്യപിച്ച് കിടക്കുകയാണെന്ന് ആരോപിച്ച് കെ എസ് ആർ ടി സി ബസിലെ കണ്ടക്ടർ മർദ്ദിക്കുകയായിരുന്നു. തുടർന്ന് വെമ്പായം പോലീസ് സ്റ്റേഷനിൽ എത്തിച്ച് അനിയോട് 200 രൂപ പെറ്റിയടക്കാൻ പോലീസ് നിദ്ദേശിച്ചു.
എന്നാൽ ചികിത്സ രേഖകൾ പരിശോധിച്ച പോലീസ് തെറ്റ് മനസ്സിലാക്കി പെറ്റി കേസ് ഒഴിവാക്കി നൽകി. സംഭവ ശേഷം മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ട് അനുഭവിച്ച അനി ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
കണ്ടക്ടർക്കെതിരെ പോലീസിനും കെ എസ് ആർ ടി സി എംഡി ക്കും മനുഷ്യവകാശ കമ്മീഷനും അനി പരാതി നൽകിയിരുന്നു. ആരോപണ വിധേയനായ കണ്ടക്ടർ ഒരു കൊലപാതക കേസിൽ പ്രതിയാണെന്നാണ് അനിയുടെ ബന്ധുക്കളുടെ ആരോപണം.
Comments