ശ്രീനഗർ : ടിട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി ആഹ്ലാദിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി വീണ്ടും രംഗത്ത്. പാകിസ്താന്റെ വിജയത്തിൽ ഇന്ത്യയും, ഇന്ത്യയുടെ വിജയത്തിൽ പാകിസ്താനും ആഹ്ലാദിച്ചിരുന്ന കാലം പണ്ട് ഉണ്ടായിരുന്നുവെന്ന് മെഹബൂബ പറഞ്ഞു. അറസ്റ്റിലായ വിദ്യാർത്ഥികൾ ഇപ്പോഴും ജയിലിൽ തന്നെ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മെഹബൂബയുടെ പ്രതികരണം.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആഗ്രയിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ ആഹ്ലാദിച്ചവരെ ജയിലിൽ അടച്ചു. ഒരു അഭിഭാഷകൻ പോലും ഇവരുടെ കേസ് ഏറ്റെടുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. പണ്ട് ഇന്ത്യയുടെ വിജയത്തിൽ പാകിസ്താനും, പാകിസ്താന്റെ വിജയത്തിൽ ഇന്ത്യയും ആഹ്ലാദിച്ചിരുന്നു. മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്ന എംഎസ് ധോണിയെ പ്രശംസിച്ചിരുന്നെന്നും മെഹബൂബ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദിച്ചവരെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് നേരത്തെയും മെഹബൂബ മുഫ്തി രംഗത്ത് വന്നിരുന്നു. പാകിസ്താന്റെ വിജയം ആഘോഷിച്ചതിൽ എന്താണ് തെറ്റെന്നായിരുന്നു മെഹബൂബ ചോദിച്ചത്. വിജയിച്ച പാക് ടീമിനെ വിരാട് കോഹ്ലിയും അഭിനന്ദിച്ചിരുന്നുവെന്നും മെഹബൂബ പറഞ്ഞിരുന്നു.
















Comments