തിരുവനന്തപുരം : പുത്തൻതോപ്പിൽ ഗുണ്ടാവിളയാട്ടം. പിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗുണ്ടകൾ കോഴിക്കട അടിച്ചു തകർത്തു. ഗുണ്ടകളുടെ ആക്രമണത്തിൽ കട ഉടമയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരായ നാലംഗ ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ ഹസന്റെ കോഴിക്കടയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.’
ഉച്ചയ്‌ക്ക് കടയിൽ എത്തിയ ഇവർ പണം നൽകാൻ ഹസനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തരാൻ കഴിയില്ലെന്ന് ഹസൻ പറഞ്ഞു. ഇതിൽ പ്രകോപിതരായ ഗുണ്ടകൾ കട തർക്കുകയായിരുന്നു. ചോദ്യം ചെയ്ത ഹസനെയും ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചു. ഇത് കണ്ട് തടയാൻ എത്തിയ ഹസന്റെ സുഹൃത്തിനെയും ഗുണ്ടകൾ മർദ്ദിച്ചു. തുടർന്ന് കടയിലെ വെട്ടുകത്തിയുമായി രക്ഷപ്പെട്ട ഗുണ്ടാ സംഘം വഴിയിൽ കണ്ടവരെയും ആക്രമിക്കുകയായിരുന്നു.
ഗുണ്ടകളുടെ ആക്രമണത്തിൽ ഹസന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സയ്‌ക്കായി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് നാലംഗ സംഘത്തിനായുള്ള അന്വേഷണം ആരംഭിച്ചു. ഹസനെ ആക്രമിച്ച ശേഷം നാല് പേരും ഒളിവിൽ പോയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് നാല് പേരും. ഇവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Comments