തിരുവനന്തപുരം: ശമ്പളപരിഷ്‌കരണത്തിലെയും ആനുകൂല്യങ്ങളിലെയും പ്രമോഷൻ രീതിയിലെയും അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിൽപ്പ് സമരം ആരംഭിച്ചു. നവംബർ ഒന്നിന് നടത്തിയ ചർച്ചയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്.
വിവിധ ജില്ലകളിലെ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാർ ദിവസവും രാവിലെ 10 മുതൽ 12 വരെ പ്രതിഷേധത്തിന്റെ ഭാഗമാകും. രോഗി പരിചരണത്തെ ബാധിക്കാതെയാണ് സമരം. ഉത്തരവിറങ്ങിയിട്ടും പുതുക്കിയ ശമ്പളം നൽകാത്തതിനെതിരെ മെഡിക്കൽ കോളേജ് ഡോക്ടർമാരും നിസ്സഹകരണ സമരത്തിലാണ്. വിഐപി ഡ്യൂട്ടിയുൾപ്പെടെ ബഹിഷ്‌കരിച്ചാണ് സമരം.
നവംബർ ഒന്നിന് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങിയപ്പോഴായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ചർച്ചയ്‌ക്ക് വിളിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയത്. എന്നാൽ ഒരു മാസമായിട്ടും നടപടിയില്ലാത്തതിനാലാണ് വീണ്ടും സമരം ആരംഭിച്ചത്. തടഞ്ഞുവെച്ചിരിക്കുന്ന അലവൻസുകൾ അനുവദിക്കുക, വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കുക. കൊറോണ, നിപ്പ പോരാളികൾക്ക് റിസ്‌ക് അലവൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്.
ശമ്പള പരിഷ്‌കരണം വന്നതോടെ തുടക്കക്കാരുടെ ശമ്പളം 10,000 രൂപയോളം കുറവ് വന്നു. സമയബന്ധിതമായി ഹയർ ഗ്രേഡ് അനുവദിക്കുന്നതിൽ പുതിയ ഉത്തരവിറക്കിയില്ല. അലവൻസുകളിലും പലതും പരിഷ്‌കരിച്ചിട്ടില്ല. കെഎസ്എ യിൽ ഉൾപ്പെടെ വമ്പൻ ശമ്പളം നൽകുമ്പോൾ ഡോക്ടർമാരോടെ സർക്കാർ വേറൊരു സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെജിഎംഒഎ നേതാക്കൾ പറഞ്ഞു.
വീണ്ടും സമരം തുടങ്ങിയ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ ബാലഗോപാലുമായി ചർച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു. കുറച്ചുനാളായി ചർച്ചകളും ഉറപ്പും മാത്രമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും കെജിഎംഒഎ അറിയിച്ചു.
Comments