കൊച്ചി : ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവുൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. മൊഫിയയുടെ ഭർത്താവ് സുഹൈൽ, മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.
പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവമാണ് മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ആത്മഹത്യയ്‌ക്ക്കാരണം തങ്ങൾ അല്ലെന്നും ജാമ്യാപേക്ഷയിൽ പ്രതികൾ പറയുന്നുണ്ട്. എന്നാൽ ഇവരുടെ കൊടിയ പീഡനങ്ങളെ തുടർന്നാണ് മൊഫിയ ആത്മഹത്യ ചെയ്തതെന്നും, ഇതുമായി ബന്ധപ്പെട്ട തെളിവുകൾക്കായി സുഹൈലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയമായി പരിശോധിച്ചുവരികയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ ആഴ്ചയും ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളുകയായിരുന്നു.നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. കേസിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിമാന്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഭർതൃവീട്ടിൽ മൊഫിയ നേരിട്ട പീഡനങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു റിമാന്റ് റിപ്പോർട്ട്. മൊഫിയയെ സുഹൈലും ബന്ധുക്കളും ചേർന്ന് മാനസിക രോഗിയാക്കാൻ ശ്രമിച്ചെന്നും, ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയെന്നും റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Comments