തിരുവനന്തപുരം : ഊട്ടി കുനൂരിലെ വ്യോമസേന ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട പുത്തൂർ പഞ്ചായത്തിലെ പൊന്നൂക്കര സ്വദേശി പ്രദീപിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി റവന്യൂമന്ത്രി കെ രാജൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ദു:ഖം രേഖപ്പെടുത്തിയത്. ദീപ്തമായ മനുഷ്യ സ്‌നേഹത്തിന്റെ അടയാളം കൂടിയായിരുന്നു പ്രദീപെന്ന് അദ്ദേഹം പറഞ്ഞു.
കേരളം മഹാപ്രളയത്തെ നേരിട്ടപ്പോൾ രക്ഷാപ്രവർത്തനത്തിനായി സ്വയം സന്നദ്ധമായി ഇറങ്ങി വന്ന ഓഫീസറായിരുന്നു പ്രദീപ്. കേരളം എന്നും നന്ദിയോടെ ഓർക്കുന്ന പേരായിരിക്കും പ്രദീപിന്റേത്. 2004 ൽ വ്യോമസേനയിൽ ജീവിതം ആരംഭിച്ച പ്രദിപ് ഇന്ത്യയിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധിയായ വ്യോമസേനാ മിഷനുകളിലും അദ്ദേഹം പങ്കാളിയായി. അവസാന യാത്ര സംയുക്ത സേന മേധാവിയുടെ ഫ്‌ലൈറ്റ് ഗണ്ണർ ആയി സേവനമനുഷ്ഠിക്കുമ്പോഴാണ്. കുടുംബത്തിന് മാത്രമല്ല ഒരു സമൂഹത്തെയാകെ കണ്ണീരിലാഴ്‌ത്തിയാണ് പ്രദീപ് വിട വാങ്ങുന്നത്. പ്രദീപിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഭാര്യ ശ്രീലക്ഷ്മിയുടേയും മാതാപിതാക്കളുടേയും മറ്റു കുടുംബാംഗങ്ങളുടേയും ദുഖത്തിൽ പങ്ക് ചേരുന്നു- കെ രാജൻ ഫേസ്ബുക്കിൽ കുറിച്ചു.
















Comments