പട്‌ന:ബീഹാർ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തെരഞ്ഞെടുപ്പിന്റെ 11ാമത് ഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. സംസ്ഥന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വിവരമനുസരിച്ച് നാളെ 20 ജില്ലകളിലെ 38 ബ്ലോക്കുകളിലാണ് വോട്ടെടുപ്പ് നടത്തുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബീഹാർ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.13 പഞ്ചായത്തുകളിലായി ആകെ 189 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.ഇവിടങ്ങളിലായി 1,134 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാനും വോട്ടെടുപ്പ് സുഗമമാക്കാനും പോലീസ് സേനയും പോളിംഗ് സ്‌റ്റേഷനുകളിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിച്ചു.
പോളിംഗ് സ്റ്റേഷനുകളിലെ സഹായത്തിനായി 10 ശതമാനത്തോളം അധിക ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്.സമയത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന സാഹചര്യം നേരിടാനായിട്ടാണ് അധിക ഉദ്യോഗസ്ഥരെ സജ്ജമാക്കിയിരിക്കുന്നത്. ബീഹാർ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം വെള്ളിയാഴ്ച അവസാനിച്ചിരുന്നു.ബിഹാർ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പത്താം ഘട്ടം ഡിസംബർ 8 നാണ് നടന്നത്. അന്ന് 34 ജില്ലകളിലായിട്ടാണ് വോട്ടെടുപ്പ് നടത്തിയത്.
Comments