ദേവനാഗരെ : അദ്ധ്യാപകനെ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ വെച്ച് അപമാനിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക വിദ്യാഭ്യാസ വകുപ്പ്. ദേവനാഗരെ ജില്ലയിലെ ചന്നഗിരിയിലുളള സ്‌കൂളിലാണ് സംഭവം. അദ്ധ്യാപകന്റെ തലയിലൂടെ ചവറ് കുട്ട കമഴ്‌ത്തുന്നതും അതുകൊണ്ട് അദ്ദേഹത്തെ മർദ്ദിക്കുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെട്ടത്.
ഇത്തരം സംഭവങ്ങൾ ഒരിക്കലും പൊറുക്കാനാകില്ലെന്നും പോലീസും വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. അദ്ധ്യാപകർക്ക് പൂർണ പിന്തുണ നൽകുമെന്നും ഉചിതമായ നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലാസിൽ ചില വിദ്യാർത്ഥികൾ ഗുഡ്ക ചവച്ചുകൊണ്ടിരിക്കുന്നത് കണ്ടുവെന്നും ഗുഡ്ക പായ്‌ക്കറ്റുകൾ കൊണ്ട് ക്ലാസ് മുറി അലങ്കോലമായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതോടെയാണ് വിദ്യാർത്ഥികൾ തനിക്കെതിരെ തിരിഞ്ഞതെന്നും അദ്ധ്യാപകൻ പറഞ്ഞു. വിഷയത്തിൽ പരാതി നൽകാൻ ഭയമുണ്ടെന്നും കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയുണ്ടെന്നും അദ്ധ്യാപകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചന്നഗിരി നല്ലൂർ ഗവൺമെന്റ് ഹൈ സ്‌കൂളിൽ ഡിസംബർ മൂന്നിനാണ് സംഭവം ഉണ്ടായത്. എന്നാൽ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത്.
















Comments