ബത്തേരി: രണ്ടാഴ്ചയിലേറയായി വയനാട് കുറുക്കൻമൂല നിവാസികളെ ഭീതിയിലാഴ്‌ത്തിയ കടുവയെ പിടിക്കാൻ സംഘം കാട്ടിലേക്ക് പുറപ്പെട്ടു.
കുറുക്കൻമൂലയിലെ കടുവയെ മയക്കുവെടി വെയ്‌ക്കാൻ വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടിലേക്ക് തിരിച്ചത്.
അതേസമയം കുറുക്കൻമൂലയ്‌ക്കടുത്ത് പടമലയിലും കടുവയുടെ ആക്രമണമുണ്ടായി. കുറക്കൻ മൂലയിൽ ഇറങ്ങിയ അതേ കടുവയാണ് പടലമലയിലും ആടിനെ കൊന്നതെന്ന് വനം വകുപ്പ് വ്യക്തമാക്കി. നാട്ടുകാരുമായി ചർച്ച നടത്തി രണ്ടാമത്തെ കൂടും സ്ഥാപിക്കും. കടുവയെ ട്രാക്ക് ചെയ്തിട്ടുണ്ടെന്നും. തിരച്ചിൽ ഊർജിതമാക്കി എന്നും നോർത്ത് സൗത്ത് വയനാട് ഡി എഫ്.ഒ മാർ അറിയിച്ചു.
നിലവിൽ കുറുക്കൻ മൂലയിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ഇര അടങ്ങിയ കൂട് സ്ഥാപിച്ചത്.മേഖലയിൽ നിരോധനാജ്ഞ തുടരുകയാണ്. പുലർച്ചയോടെ ഒരു ആടിനെ കൂടി കൊന്നതോടെ കടുവയുടെ ആക്രമണത്തിനിരയായ വളർത്തുമൃഗങ്ങളുടെ എണ്ണം പതിനൊന്നായി.ഇന്നലെ രാവിലെ ഒൻപതരയോടെ നാട്ടുകാരും കടുവയെ നേരിട്ട് കണ്ടിരുന്നു.
രണ്ടാഴ്ചയിലേറയായി കടുവ പ്രദേശത്ത് ആക്രമണം നടത്തിയിട്ടും അധികൃതർ യാതൊരു നടപടിയും എടുത്തിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട പശുക്കിടാവിനെയും കൊണ്ട് നാട്ടുകാർ മാനന്തവാടി നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് മണിക്കൂറുകളോളം വ്യാഴാഴ്ച ഉപരോധിച്ചിരുന്നു. ഒരു പകൽ മുഴുവൻ നീണ്ട പ്രതിഷേധം രാത്രിയോടെയാണ് അവസാനിപ്പിച്ചത്.ഇതിന് പിന്നാലെയാണ് കടുവയെ മയക്കുവെടി വെയ്‌ക്കാൻ തീരുമാനമായത്.
Comments