കണ്ണൂർ: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചതായി തെളിയിക്കുന്ന രേഖകൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ നിന്നും ഇഡി പിടികൂടി. വിദേശത്ത് സ്വത്തുവകകൾ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഇഡി കണ്ടെത്തി. കൂടാതെ നിർണ്ണായക വിവരങ്ങൾ അടങ്ങുന്ന ഡിജിറ്റൽ ഉപകരണങ്ങളും ഇവിടെ നിന്നും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തിലെ നാലിടങ്ങളിലായിരുന്നു എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. കണ്ണൂർ പെരിങ്ങത്തൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷഫീഖിന്റെ ഓഫീസ്, പെരുമ്പടപ്പ് പിഎഫ്‌ഐ പ്രസിഡന്റ് അബ്ദുൾ റസാഖിന്റെ മലപ്പുറത്തെ വീട്, അഷ്‌റഫ് എംകെയുടെ എറണാകളുത്തെ വീട്, അഷ്‌റഫ് ഖാദറിന്റെ മൂന്നാറിലെ മാങ്കുളത്തെ വില്ല, ഓഫീസ് എന്നിവടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. ഇവരെ ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.
ഡിസംബർ എട്ടിനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് നടന്നത്. പരിശോധനാ സമയത്ത് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ഇഡി സംഘം മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇഡി ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് ഇവർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഭീഷണി വകവെയ്‌ക്കാതെ ഇഡി തെരച്ചിൽ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.
Comments