ഗവർണർ പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നു; മാദ്ധ്യമശ്രദ്ധ നേടുകയാണ് ലക്ഷ്യം; രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം

Published by
Janam Web Desk

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഗവർണർ പദവിയുടെ മഹത്വം മനസിലാക്കാതെ പ്രവർത്തിക്കുന്നുവെന്നാണ് പ്രധാന വിമർശനം. വൈസ് ചാൻസിലർ നിയമനമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ വിവാദമാണെന്നും, വിവാദത്തിന് പിന്നിൽ മറ്റെന്തോ ഉദ്ദേശം ഉണ്ടോ എന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഗവർണർ ഇതാദ്യമായല്ല ഇങ്ങനെ പ്രവർത്തിക്കുന്നത്. മാദ്ധ്യമശ്രദ്ധ നേടുകയും ആരുടെയൊക്കെയോ പ്രീതി നേടുകയുമാണ് ലക്ഷ്യം. മുൻപ് വിവാദമാക്കിയ വിഷയങ്ങളിലൊന്നും ഗവർണർക്ക് മേൽകൈ നേടാനായിട്ടില്ലെന്നും ജനയുഗത്തിൽ വിമർശിക്കുന്നു.

ഗവർണർ ഉന്നയിക്കുന്നത് ബാലിശമായ കാര്യങ്ങളാണ്. ബിജെപിയുടെ ഓഫീസിൽ നിന്ന് എഴുതി നൽകുന്നതാണ് ഗവർണർ വായിക്കുന്നത്. ഗവർണർമാർ ബിജെപിയുടെ രാഷ്‌ട്രീയ പാവയായി മാറുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ അതിലൊരാളായി മാറാൻ ശ്രമിക്കുകയാണെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു. അതേസമയം വിദ്യാഭ്യാസ കാര്യങ്ങളെക്കാൾ മുഖ്യമന്ത്രിക്ക് വലുത് പാർട്ടി പരിപാടിയാണെന്ന വിമർശനം ഗവർണർ വീണ്ടും ഉന്നയിച്ചു. റസിഡന്റ് എന്ന് വിളിച്ചതിലെ ക്ഷോഭവും അദ്ദേഹം മറച്ചുവച്ചില്ല.

അധികാരം സർക്കാർ രാഷ്‌ട്രീയ കാര്യങ്ങൾക്കായി ഉപയോഗിച്ചിട്ട് അത് തന്റെ മേൽ ചുമത്തരുതെന്നാണു പറഞ്ഞതെന്നും ഗവർണർ പറയുന്നു. രണ്ടര വർഷത്തിനിടയിലുണ്ടായ കാര്യങ്ങൾ വേദനയോടെയാണ് കണ്ടുനിന്നത്. സർവകലാശാലകളിലെ ബന്ധു നിയമനത്തെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നത്. സർവ്വകലാശാല നടത്തിക്കൊണ്ടുപോകലല്ല, അവിടുത്തെ ഭരണകാര്യം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുകയാണ് തന്റെ ചുമതലയെന്നും ഗവർണർ പറയുന്നു.

 

Share
Leave a Comment