വർക്കല: ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം കടത്തി കൊണ്ടുപോയതായി പരാതി. മത്സ്യം കയറ്റി വന്ന പിക്കപ്പ് വാൻ ആണ് ക്വട്ടേഷൻ സംഘം ഡ്രൈവറെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കടത്തികൊണ്ടുപോയത്.
കടത്തികൊണ്ടു പോയ വാഹനം വർക്കല ചെമ്മരുതിക്ക് സമീപത്തുവെച്ച് പോലീസ് പിന്തുടർന്ന് പിടികൂടി.പോലീസ് ജീപ്പിലിടിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തോട്ടിലേക്ക് ഇടിച്ചിറങ്ങിയതോടെ ക്വട്ടേഷൻ സംഘം ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം. രണ്ട് പേർ വാഹനം കൈകാണിച്ച് നിർത്തിക്കുകയായിരുന്നു. ഇതിന് ശേഷം ഡ്രൈവറെ റോഡിൽ ഇറക്കിവിട്ട് വാഹനവുമായി ഇവർ കടക്കുകയായിരുന്നു.
ഡ്രൈവർ സംഭവം പോലീസിൽ അറിയിക്കുകയും വാഹനം പാരിപ്പള്ളി ഭാഗത്തേക്ക് പോയതായി വിവരം നൽകുകയും ചെയ്തു.തുടർന്ന് അയിരൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം വാഹനം കണ്ടെത്തുകയായിരുന്നു. രണ്ടുപേർ ബൈക്കിൽ വാഹനത്തെ പിന്തുടർന്നതായും പോലീസിനെ കണ്ടതോടെ ഇടയ്ക്ക് വഴി മാറി പോയതാണെന്നും സിഐ വ്യക്തമാക്കി.
Comments