വാരണാസി: ഇങ്ങനെ പോയാൽ ആധുനിക ഇന്ത്യ കണ്ട ഏറ്റവും ശരിയായ തൊഴിലാളി വർഗ്ഗ നേതാവും മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് പറയേണ്ടിവരുമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടി. കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥധാം ഇടനാഴി രാജ്യത്തിനു സമർപ്പിച്ച ചടങ്ങിൽ സംബന്ധിച്ച ശേഷമായിരുന്നു ഫേസ്ബുക്കിലൂടെ അബ്ദുളളക്കുട്ടിയുടെ പ്രതികരണം.
കാശി വിശ്വനാഥധാം വികസന വിസ്മയമാണെന്നും അത് കാണാൻ തനിക്ക് ഇന്ന് ഭാഗ്യം ലഭിച്ചുവെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. ഗംഗയിൽ സ്‌നാനം ചെയ്ത് ക്ഷേത്രത്തിൽ പൂജാദി കർമ്മങ്ങൾ കഴിഞ്ഞ് ഉദ്ഘാടന വേദിയിൽ എത്തിയ ഉടൻ പ്രധാനമന്ത്രി ചെയ്തത്
കാശി ക്ഷേത്രത്തിന്റെ നവീകരണ ജോലി ചെയ്ത തൊഴിലാളികളെ ആദരിക്കുകയാണ്. പുഷ്പവൃഷ്ടി നടത്തി, ഒന്നിച്ച് ഫോട്ടോ എടുത്ത്, ഉദ്ഘാടന ചടങ്ങിന് ശേഷം അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. അതുകൊണ്ട് ഒക്കെയാകാം മോദിജി ജനഹൃദയങ്ങൾ കീഴടക്കുന്നത്. ആധുനിക ഇന്ത്യകണ്ട ഏറ്റവും ശരിയായ തൊഴിലാളി വർഗ്ഗ നേതാവും
മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് പറയേണ്ടിവരുന്നകാലം വിദൂരമല്ലെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കാശി വിശ്വനാഥധാം ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ സദസിൽ അതിഥികൾക്കൊപ്പം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇന്നലെയാണ് ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. തൊഴിലാളികളെ പുഷ്പവൃഷ്ടി നടത്തി ആദരിച്ച പ്രധാനമന്ത്രിയുടെ പ്രവർത്തി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ദൂരെ മാറിയിരുന്ന തൊഴിലാളികളെ അടുത്ത് വിളിച്ചിരുത്തി ചിത്രങ്ങളെടുക്കാൻ പ്രധാനമന്ത്രി തയ്യാറായതും കൗതുകത്തോടെയാണ് ലോകം നോക്കി കണ്ടത്. രാജ്യത്ത് ഒരു പുതിയ തൊഴിൽ സംസ്‌കാരത്തിന് കൂടിയാണ് ഇത് തുടക്കമിടുന്നതെന്ന അഭിപ്രായവും ഉയർന്നുകഴിഞ്ഞു. നിർമാണ തൊഴിലാളികളടക്കം ക്ഷേത്രത്തിന് പുതിയ രൂപം നൽകാൻ പ്രവർത്തിച്ച 2,500 പ്രവർത്തകരോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണവും.
Comments