തിരുവനന്തപുരം : ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വരുൺ സിംഗിന്റെ വിയോഗം നാടിന്റെ നഷ്ടമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്.
കൂനൂരിൽ സംഭവിച്ച ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. രാജ്യസുരക്ഷയ്‌ക്കായി അദ്ദേഹം പ്രദർശിപ്പിച്ച ധീരതയ്‌ക്കും ആത്മാർഥമായ സേവനത്തിനും ഇന്ത്യൻ ജനത കടപ്പെട്ടിട്ടിരിക്കുന്നു. ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.- പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
രാവിലെയോടെയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചത്. ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ആശുപത്രി അധികൃതർ പുറത്തുവിട്ടത്. ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.
















Comments