വല്ലെറ്റ:മയക്കുമരുന്നിനും കഞ്ചാവിനെതിരെയും നിരന്തരം പോരാടുകയാണ് ലോകം.മനുഷ്യജീവിതം തന്നെ താറുമാറാക്കുന്ന ഇവ ഉപയോഗിക്കുന്നത് ഭൂരിഭാഗം രാജ്യങ്ങളിലും കുറ്റകരമാണ്.എന്നാൽ കഞ്ചാവ് നിയമ വിധേയമാക്കിയിരിക്കുകയാണ് ഒരു യൂറോപ്യൻ രാജ്യം.
യൂറോപ്യൻ രാജ്യമായ മാൾട്ടയാണ് ഈ വിചിത്രമായ തീരുമാനത്തിന് പിന്നിൽ.ഇവിടെ സ്വന്തം ഉപയോഗത്തിനായി വീട്ടിൽ കഞ്ചാവ് വളർത്താനും കൈവശം വയ്‌ക്കാനും ഇനി മുതൽ അനുവാദമുണ്ട്.ഇതോടെ കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി മാറിയിരിക്കുകയാണ് മാൾട്ട.ഇനി മുതൽ കഞ്ചാവ് വലിക്കണമെങ്കിൽ വീട്ടിൽ നിന്ന് തന്നെയാവാം എന്ന് ചുരുക്കം.
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഏഴ് ഗ്രാം വരെ മയക്കുമരുന്ന് കൈവശം വയ്‌ക്കാൻ നിയമം അനുവദിക്കുന്നു.നിയമപ്രകാരം നാല് കഞ്ചാവ് ചെടികൾ വരെ വീട്ടിൽ വളർത്താനും സാധിക്കും.അവയിൽ നിന്ന് പരമാവധി 50 ഗ്രാം കഞ്ചാവ് വരെ വീട്ടിൽ ഉണക്കി സൂക്ഷിക്കാം.ഇന്നലെ മാൾട്ട പാർലമെന്റിൽ നിയമനിർമ്മാണത്തിന് അനുകൂലമായ വോട്ടെടുപ്പ് നടന്നിരുന്നു. പ്രസിഡന്റ് ഒപ്പ് വെയ്‌ക്കുക കൂടി ചെയ്താൽ ദ്വീപിൽ നിയമം പ്രാബല്യത്തിലാവും.
മാൾട്ടയിൽ 2018 മുതൽ മെഡിക്കൽ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമല്ലായിരുന്നു.മെഡിക്കൽ കാരണങ്ങൾക്കല്ലാതെ പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ഇപ്പോഴും നിയമവിരുദ്ധമാണ്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നവരിൽ നിന്ന് പോലീസ് 20000 രൂപ പിഴ ഈടാക്കും. അതുപോലെ, കുട്ടികളുടെ മുന്നിൽ വച്ച് ഇത് ഉപയോഗിക്കുന്നവർക്ക് 42000 രൂപ വരെ പിഴ അടക്കേണ്ടി വരും.
അതേസമയം മാൾട്ടയിലെ പുതിയ നിയമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.വിനാശത്തിലേക്കുള്ള വഴി തുറന്നെന്നാണ് പലരും വിമർശിക്കുന്നത്.സമൂഹത്തിൽ ഈ നിയമം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments