യു.എ.ഇയിൽ ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടികൾക്കുള്ള കൊറോണ മാനദണ്ഡങ്ങൾ പുറത്തിറക്കി. താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചടങ്ങുകൾ സംഘടിപ്പിക്കുന്ന വേദികളിൽ 80 ശതമാനം ശേഷിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുതെന്നാണ് പ്രധാന നിർദ്ദേശം.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രീൻപാസും 96 മണിക്കൂറിനകമുള്ള കൊറോണ നെഗറ്റീവ് ഫലവും അൽഹൊസൻ ആപ്പിൽ കാണിക്കണം. ഹസ്തദാനം ചെയ്യുന്നതിനും ആലിംഗനം ചെയ്യുന്നതിനും വിലക്കുണ്ട്.
സംഘാടകർ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും പ്രവേശനകവാടങ്ങളിൽ താപനില പരിശോധന നടത്തുകയും വേണം. എല്ലാ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാണ്. ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കണമെന്നില്ല. എന്നാൽ, മറ്റുള്ളവർ 1.5 മീറ്റർ സാമൂഹിക അകലം പാലിക്കണം.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിപാടികളിൽ പ്രത്യേക ടീമിനെ സജ്ജമാക്കണമെന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ഓരോ എമിറേറ്റിലും വ്യത്യസ്ത മാനദണ്ഡങ്ങൾ സ്വീകരിക്കുന്ന പതിവാണുള്ളത്. എങ്കിലും മാസ്‌ക് ധരിക്കൽ അടക്കമുള്ള നിർദേശങ്ങൾ എല്ലാ എമിറേറ്റുകളിലും നിലവിൽ നിർബന്ധമാണ്.
ഒമിക്രോൺ വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം സജീവമായിട്ടുണ്ട്. കൊറോണ വാക്‌സിൻ രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം പിന്നിട്ട 18 വയസ്സ് പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാം.














Comments