ലക്‌നൗ: വയനാട് എംപി രാഹുൽഗാന്ധി തന്റെ പഴയ മണ്ഡലമായ അമേതിയിൽ നാളെ സന്ദർശനം നടത്തും. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുൻ കോൺഗ്രസ് അധ്യക്ഷന്റെ സന്ദർശനം. അമേതിയിൽ എത്തുന്ന രാഹുൽഗാന്ധി പദയാത്രയിലും പങ്കെടുക്കും. ജഗ്ദീഷ്പൂർ മുതൽ ഹരിമാവു വരെയുളള പദയാത്രയിൽ രാഹുലിനൊപ്പം പ്രാദേശിക നേതാക്കളും പങ്കെടുക്കും.
രാഹുൽ ഗാന്ധി 15 വർഷം അമേതിയിൽ നിന്നുളള ജനപ്രതിനിധിയായിരുന്നു. രാജീവ്ഗാന്ധിയും സോണിയഗാന്ധിയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിൽ എത്തിയിട്ടുണ്ട്. എന്നാൽ നെഹ്‌റു കുടുംബം ദീർഘകാലം മണ്ഡലം കുത്തകയാക്കി വച്ചിട്ടും അമേതിയിൽ വികസനം മാത്രം എത്തിയില്ല. ഇതാണ് രാഹുൽഗാന്ധിയെ കൈയൊഴിയാൻ മണ്ഡലത്തിലെ ജനങ്ങളെ പ്രേരിപ്പിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനിയാണ് രാഹുലിനെ അമേതിയിൽ പരാജയപ്പെടുത്തിയത്.
2014 പൊതുതെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയോട് തോറ്റ സ്മൃതി ഇറാനി പിന്നീട് കേന്ദ്രമന്തി സ്ഥാനം ലഭിച്ചപ്പോൾ അമേതി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. നിരവധി വികസനവും പ്രദേശത്ത് നടപ്പാക്കി. 2019ലെ തെരഞ്ഞെടുപ്പിൽ രാഹുലിനെ തോൽപിക്കാൻ സ്മൃതി ഇറാനിക്ക് തുണയായത് അമേതിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അമേതിയെ ഇപ്പോൾ പ്രതിനിധീകരിക്കുന്ന സ്മൃതി ഇറാനി കേന്ദ്രത്തിൽ ക്യാബിനറ്റ് പദവിയുളള മന്ത്രിയായിട്ടും ഇടയ്‌ക്കിടെ മണ്ഡലം സന്ദർശിക്കുന്നുണ്ട്. സ്വന്തം മണ്ഡലത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും സ്മൃതി സമയം കണ്ടെത്തുന്നു. സംസ്ഥാനം ഭരിക്കുന്ന യോഗി സർക്കാരും ഇവിടെ നിരവധി വികസനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സ്മൃതി ഇറാനി അമേതിയിൽ വീട് നിർമിക്കുകയും തിരക്കിനിടയിലും ഇടയ്‌ക്കിടെ ഇവിടെ സന്ദർശനം നടത്തുന്നുണ്ട്. കോൺഗ്രസ് ജനറൽസെക്രട്ടറി പ്രിയങ്കഗാന്ധിയും തൊട്ടടുത്ത ദിവസമായ ഞായറാഴ്ച നെഹ്‌റു കുടുംബത്തിന്റെ പഴയ തട്ടകമായ അമേതിയിൽ സന്ദർശനം നടത്തുന്നുണ്ട്.
















Comments