തിരുവനന്തപുരം/കോഴിക്കോട്: പിണറായി വിജയന് അനുകൂലമായ നിലപാടുകളുടെ പേരിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കോൺഗ്രസ് സംസ്ഥാന നേതാക്കൾ നിലപാട് കടുപ്പിക്കുന്നു. കെ. റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ഒപ്പുവെക്കാതിരുന്നതിന് പുറമേ ഇന്നലെ തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടന ചടങ്ങിൽ പിണറായിയെ പുകഴ്‌ത്തിയതാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്.
കെ. സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തിൽ കേരളത്തിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപിന് ശ്രമിക്കുമ്പോഴാണ് ശശി തരൂരിന്റെ വക പിണറായി സ്തുതി വരുന്നത്. രാവിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുല്ലപ്പളളി രാമചന്ദ്രനാണ് ശശി തരൂരിനെതിരെ ആദ്യ പ്രതിഷേധം രേഖപ്പെടുത്തിയത്.
മുഴുവൻ എംപിമാരും കെ റെയിലിനെതിരായ നിലപാട് എടുക്കുമ്പോൾ ഞാൻ അതേക്കുറിച്ച് പഠിക്കട്ടെ എന്ന് പറഞ്ഞാൽ അത് കെ റെയിലിനെ സഹായിക്കുന്ന നിലപാടാണെന്ന് മുല്ലപ്പളളി തുറന്നടിച്ചു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന, ഗവേഷണ ബുദ്ധിയോടെ എല്ലാ കാര്യങ്ങളെയും വിലയിരുത്തുന്ന ഒരാൾ ഇത്തരം കാര്യം പഠിക്കട്ടെയെന്ന് പറഞ്ഞാൽ അത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും മുല്ലപ്പളളി പറഞ്ഞു.
കെ. സുധാകരനും വി.ഡി സതീശനും കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്തതിന് ശേഷം പാർട്ടിയെ കടുത്ത അച്ചടക്കത്തിന്റെ വഴിയിലൂടെ നടത്താനായിരുന്നു ശ്രമം. ഇതിന്റെ പേരിൽ ചില നേതാക്കൾക്കെതിരെ നടപടികളും എടുത്തിരുന്നു. എന്നാൽ ഇതൊക്കെ തരൂരിന്റെ കാര്യത്തിൽ എവിടെ പോയി എന്നാണ് മുല്ലപ്പളളി അടക്കമുളള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ചോദ്യം.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തന്നെ തരൂരിനെ നേരിട്ട് വിളിച്ച് നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും തരൂരിനോട് ആവശ്യപ്പെടും. പാർട്ടിയും മുന്നണിയും കെ -റെയിലിന് എതിരെ സമരം ശക്തമാക്കുമ്പോൾ തലസ്ഥാന നഗരത്തിൽ നിന്നുള്ള ലോക്സഭാംഗം മാറി നിൽക്കുന്നത് സിപിഎം ആയുധമാക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
















Comments