ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിൽ ദുരൂഹതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത് സംബന്ധിച്ച് സിപിഎമ്മിൽ ആശയക്കുഴപ്പമില്ലെന്നും കോടിയേരി ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
വിവാഹപ്രായം ഇപ്പോൾ ഉയർത്തേണ്ട സാഹചര്യമില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. രാജ്യത്തെ പെൺകുട്ടികൾ വിവാഹ പ്രായം ഉയർത്തുന്നതിനെ ഒന്നടങ്കം സ്വാഗതം ചെയ്യുമ്പോഴാണ് ഏതാനും ചില മത സംഘടനകൾക്ക് ഒപ്പം ചേർന്ന് സിപിഎം ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികൾ ഇതിനെ എതിർക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം പക്വതയോടെയുളള വിവാഹമെന്ന ആശയവും നീക്കത്തിന് പിന്നിൽ ഉണ്ട്.
ഇന്നലെ സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും വിവാഹപ്രായം ഉയർത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രായം ഉയർത്തുന്നത് ഇഷ്ടമുളള ഇണയെ വിവാഹത്തിന് തെരഞ്ഞെടുക്കുന്നതിന് പെൺകുട്ടികൾക്ക് തടസമാകുമെന്നായിരുന്നു അസോസിയേഷന്റെ കണ്ടെത്തൽ. നീക്കം സ്ത്രീശാക്തീകരണത്തിന് ഗുണം ചെയ്യില്ലെന്നും വിപരീതഫലം ഉണ്ടാക്കുമെന്നും അസോസിയേഷൻ കുറ്റപ്പെടുത്തിയിരുന്നു.
ലിംഗനീതി ഉറപ്പാക്കാനാണേൽ പുരുഷന്റെ വിവാഹപ്രായം കുറച്ചാൽ മതിയെന്നായിരുന്നു സിപിഎം നേതാവ് വൃന്ദാ കാരാട്ടിന്റെ പ്രതികരണം. കേന്ദ്രസർക്കാരിന്റെ നീക്കത്തിന് പിന്നിൽ രഹസ്യ അജൻഡയുണ്ടെന്നായിരുന്നു സിപിഐ നേതാവ് ആനി രാജയുടെ ആരോപണം. എന്നാൽ സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾ ജാതി മത ഭേദമെന്യേ തീരുമാനത്തെ പിന്തുണയ്‌ക്കുകയാണ്.
Comments