ബാംഗ്ലൂർ: സംയുക്ത സൈനിക മേധാവിയുടെ മരണത്തിനിടയാക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിലും സമഗ്രവുമായി പൂർത്തിയാക്കുമെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ.ചൗദ്ധരി. അപകടവുമായി ബന്ധപ്പെട്ട് നിരവധി കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. എല്ലാം ശാസ്ത്രീയമായ പരീക്ഷണത്തിന് വിധേയമാക്കുകയാണ്. ഇതിനൊപ്പം രാജ്യത്തെ അതീവ പ്രാധാന്യമുള്ള എല്ലാ പ്രമുഖവ്യക്തികളുടേയും വിമാന യാത്രാ സംവിധാനത്തിൽ സമഗ്രമായ പ്രോട്ടോക്കോൾ പരിഷ്‌ക്കരണത്തിന് തീരുമാനം എടുക്കുമെന്നും വേണ്ട ഭേദഗതികൾ വരുത്തുമെന്നും ചൗദ്ധരി അറിയിച്ചു.
ബാംഗ്ലൂരിലെ സംയുക്ത സൈനിക പാസ്സിംഗ് ഔട്ട് പരേഡിനെത്തിയതായിരുന്നു വ്യോമസേനാ മേധാവി. ഇന്ത്യക്ക് പാകിസ്താനും ചൈനയും എന്നും വെല്ലുവിളിയാണ്. അതിർത്തി മേഖലകളിൽ അതിനാൽതന്നെ ജാഗ്രത വർദ്ധിപ്പിച്ചിരിക്കുകയാണ്. റഫേൽ വിമാനങ്ങളുടെ വരവോടെ എല്ലാ മേഖലയിലും അവയെ തുല്യമായി വിന്യസിക്കുന്ന പ്രവർത്തനമാണ് നടക്കുന്നതെന്നും ചൗധരി പറഞ്ഞു.
അതിർത്തിയിൽ ചൈന സൈനികരെ പിൻവലിക്കുന്നത് ഘട്ടം ഘട്ടമായി നടക്കുന്നുണ്ട്.എന്നാൽ ഓരോ നീക്കവും ഇന്ത്യ ശ്രദ്ധാപൂർവ്വമാണ് വീക്ഷിക്കുന്നത്. ലഡാക്കിലെ ചില മേഖലകളിൽ പക്ഷേ ചൈനയുടെ പിന്മാറ്റം വേഗത്തിലല്ല. ഏത് വെല്ലുവിളികളേയും നേരിടാൻ വ്യോമസേന ഒരുങ്ങിയിരിക്കുകയാണെന്നും ചൗദ്ധരി കൂട്ടിച്ചേർത്തു.
















Comments