ലക്നൗ: നികുതി വെട്ടിപ്പ് കേസുകളിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ചില അടുത്ത സഹായികളുടെ സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. സെക്രട്ടറിയും ദേശീയ വക്താവുമായ രാജീവ് റായ്, ആർസിഎൽ ഗ്രൂപ്പ് പ്രൊമോട്ടർ മനോജ് യാദവ്, അഖിലേഷ് യാദവിന്റെ ഒഎസ്ഡി ആയി മാറിയ ജൈനേന്ദ്ര യാദവ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
അഖിലേഷ് യാദവിന്റെ അടുത്തയാളായി കണക്കാക്കപ്പെടുന്ന മൗ ജില്ലയിലെ സഹദത്പുരയിലുള്ള രാജീവ് റായിയുടെ വീടിലാണ് തിരച്ചിൽ നടത്തിയത്. വാരാണസിയിൽ നിന്നുള്ള 12 അംഗ ഐടി സംഘമാണ് പുലർച്ചെ റായിയുടെ വീട്ടിൽ തിരച്ചിൽ ആരംഭിച്ചത്. 2012ൽ യുപിയിൽ കേവല ഭൂരിപക്ഷത്തോടെ അധികാരം നേടിയ സമാജ്വാദി പാർട്ടി സർക്കാറിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച പ്രമുഖനാണ് രാജീവ് റായ്. ലക്നൗ, മെയിൻപുരി, ആഗ്ര എന്നിവിടങ്ങളിൽ റായിക്ക് ഒന്നിലധികം സ്വത്തുക്കൾ ഉണ്ട്.
തനിക്ക് കള്ളപ്പണമോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും ഐടി തിരച്ചിൽ രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ലെന്നും റായ്പറഞ്ഞു. ഐടി ഉദ്യോഗസ്ഥരെ അവരുടെ ചുമതല നിർവഹിക്കുന്നതിൽ നിന്ന് സമാജ്വാദി പാർട്ടി തടയാൻ ശ്രമിച്ചു. റായിയുടെ വസതിക്ക് മുന്നിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
റായിയെ കൂടാതെ, അഖിലേഷ് യാദവുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന മെയിൻപുരിയിലെ ആർസിഎൽ ഗ്രൂപ്പ് പ്രൊമോട്ടർ മനോജ് യാദവിന്റെ വസതിയിലും റെയ്ഡ് നടത്തി. ലഖ്നൗവിലെ വിശാൽ ഖണ്ഡിലെ ജൈനേന്ദ്ര യാദവ് എന്ന നീതു യാദവിന്റെ വീട്ടിൽ മറ്റൊരു സംഘം തിരച്ചിൽ നടത്തുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോൾ അഖിലേഷ് യാദവിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(ഒഎസ്ഡി) ആയിരുന്നു നീതു യാദവ്. അദ്ദേഹം മുമ്പ് മുലായം സിംഗ് യാദവിന്റെ വീട്ടിൽ ഇലക്ട്രീഷ്യനായിരുന്നു. അഖിലേഷ് മുഖ്യമന്ത്രിയായപ്പോൾ നീതു യാദവിനെ ഒഡിഎസായി നിയമിക്കുകയായിരുന്നു.
അതിനിടെ ആദായനികുതി വകുപ്പിന്റെ നടപടിയെ അഖിലേഷ് യാദവ് ചോദ്യം ചെയ്തു. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ കേന്ദ്ര ഏജൻസികൾ സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസം മുമ്പ് ഇതേ നടപടി സ്വീകരിക്കാമായിരുന്നെന്നും എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ തിരച്ചിൽ ദുരൂഹത ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മറച്ചുവയ്ക്കാൻ ഒന്നുമില്ലെങ്കിൽ അഖിലേഷ് യാദവ് റെയ്ഡിനെ ഭയക്കേണ്ടതില്ലെന്ന് ഉത്തർപ്രദേശ് ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. അഖിലേഷിന് കുറ്റകരമായ മനസ്സ് ആണുളളത്. ഇത് എല്ലായ്പ്പോഴും സംശയാസ്പദമാണ്. ആദായ നികുതി വകുപ്പിന് അതിന്റേതായ പ്രവർത്തനരീതിയുണ്ട്. മുമ്പ് ബിജെപി നേതാക്കൾക്കെതിരെയും റെയ്ഡുകൾ നടത്തിയിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ അഖിലേഷ് ഭയപ്പെടേണ്ടതില്ലെന്നും ത്രിപാഠി പറഞ്ഞു.
Comments