മൃതദേഹത്തോട് അനാദരവ്; സർക്കാർ എസ്ഡിപിഐക്ക് ഒപ്പം; സർവ്വകക്ഷിയോഗം വെറും പ്രഹസനമാണെന്നും കെ.സുരേന്ദ്രൻ

Published by
Janam Web Desk

ആലപ്പുഴ: രഞ്ജിത്തിന്റെ പോസ്റ്റുമോർട്ടം ബോധപൂർവ്വം വൈകിപ്പിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സമാധാന ശ്രമങ്ങളോട് പൂർണ്ണമായും സഹകരിക്കും. പക്ഷേ, ഇവിടെ തീരുമാനങ്ങൾ എല്ലാം ഏകപക്ഷീയമായിട്ടാണ് നടപ്പാക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ താത്പര്യങ്ങൾ മാത്രമാണ് പോലീസ് സംരക്ഷിക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് മൃതദേഹം വിട്ടു തരാൻ സാധിക്കുമെന്നാണ് കേന്ദ്രമന്ത്രിയോടടക്കം പോലീസ് പറഞ്ഞത്. എന്നാൽ അവസാന നിമിഷം പാർട്ടിപ്രവർത്തകരെയെല്ലാം കബളിപ്പിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നത്തേക്ക് മാറ്റി വച്ചു. ഇന്നലെ ശവസംസ്‌കാരത്തിനുള്ള എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയിരുന്നു.

ആയിരക്കണക്കിന് പ്രവർത്തകരാണ് ഇതിനായി കാത്തുനിന്നത്. ഇന്ന് സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ സമയം ഞങ്ങളോട് പറഞ്ഞിട്ടില്ല. പത്രങ്ങളിലൂടെയാണ് സർവ്വകക്ഷിയോഗത്തിന്റെ സമയം അറിയുന്നത്. എസ്ഡിപിഐയുടേയും സിപിഎമ്മിന്റേയും നേതാക്കളെ വിളിച്ച്, അവരോട് സമയം പറഞ്ഞ്, അവരുടെ താത്പര്യത്തിന് അനുസരിച്ചാണ് കാര്യങ്ങൾ നടത്തുന്നത്. മൃതദേഹം എപ്പോൾ വിട്ട് കിട്ടുമെന്നതിന് ഇപ്പോഴും ഉറപ്പൊന്നുമില്ല. കോടതിയിലും, രഞ്ജിത്തിന്റെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കുന്നുണ്ട്. കിലോമീറ്ററുകൾ അപ്പുറത്താണ് സംസ്‌കാരചടങ്ങുകൾ നടത്തുന്നത്. അവിടെ നിന്ന് മൂന്ന് മണിക്കും, അഞ്ച് മണിക്കുമൊന്നും യോഗത്തിന് എത്താൻ ഒരിക്കലും സാധിക്കില്ല. സർവ്വകക്ഷിസമാധാന യോഗത്തിന്റെ ഉദ്ദേശം സമാധാനമല്ല, വെറും പ്രഹസനം മാത്രമാണ്.

സർക്കാർ പൂർണ്ണമായും പോപ്പുലർ ഫ്രണ്ടിനോട് ഒപ്പമാണ്. ഞങ്ങൾ സമാധാന യോഗത്തിന് എതിരല്ല. ഞങ്ങൾക്ക് കൂടി പറ്റുന്ന ഒരു സമയം യോഗത്തിന് വയ്‌ക്കണമെന്നാണ് പറയുന്നത്. ഇന്ന് രാത്രിയോ, നാളെയോ യോഗം വിളിച്ചാൽ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കും. പോലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് ഡിവൈഎസ്പിയുടെ 200 മീറ്റർ അകലെയാണ് രഞ്ജിത്തിന്റെ വീട്. എന്നിട്ടും മൃതദേഹം ആശുപത്രിയിൽ എത്തിക്കാൻ ഒരു പോലീസുകാരൻ പോലും വന്നില്ല. അക്രമം തടയാനും ആരും ഉണ്ടായില്ല. ഒരു മുൻകരുതലും പോലീസ് എടുത്തില്ല. ബിജെപിയോട് കടുത്ത അനീതിയാണ് പോലീസ് കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Share
Leave a Comment