നാടുവിട്ട വൻ തട്ടിപ്പുകാർ. കാലാകാലങ്ങളായി കേന്ദ്രസർക്കാറുകളേയും ബാങ്കുകളേയും എങ്ങനെയാണ് പറ്റിച്ചിരുന്നത്…നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം ഇത്തരം വൻകിട തട്ടിപ്പുകാരുടെ സ്വാധീനങ്ങളേയും വിദേശബന്ധങ്ങളേയും എങ്ങനെയാണ് നേരിടുന്നത്… വിദേശ ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം എങ്ങിനെ നമ്മുടെ രാജ്യത്തേയ്‌ക്ക് തിരിച്ചെത്തിച്ചത് ? വിചാരണകൾ അനന്തമായി നീട്ടിക്കൊണ്ടുപോവുകയെന്ന പതിവ് രീതികളെ മോദി സർക്കാർ പൊളിച്ചെഴുതുന്ന വാർത്തകൾ പുറത്ത് വരികയാണ്.
മദ്യരാജാവായി വിലസിയ വിജയ് മല്യയും രത്‌ന വ്യാപാരത്തിലൂടെ കോടികൾ തട്ടിയ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയുമാണ് ഇന്ത്യയിലെ ബാങ്കുകളെ വെട്ടിലാക്കി കോടികളുമായി നാടുവിട്ടത്. എന്നാൽ ഇങ്ങനെ മുങ്ങിയവർക്കെതിരെ കേസുകളുമായി കാത്തുനിൽക്കാൻ നരേന്ദ്രമോദി സർക്കാർ തയ്യാറല്ല… ഇത്തരം തട്ടിപ്പുകാരിൽ നിന്നും കേന്ദ്രസർക്കാർ നടത്തുന്ന കണ്ടുകെട്ടലുകളാണ് സർവ്വകാല റെക്കോഡ് തകർത്ത് മുന്നേറുന്നത്. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ നൽകിയ കണക്കുപ്രകാരം ബാങ്കുകൾ തിരികെ പിടിച്ചത് 13,100 കോടി രൂപയാണ്. പാർലമെന്റിലാണ് മന്ത്രി കണക്കുകൾ പുറത്ത് വിട്ടത്.
തട്ടിപ്പുകാരുടെ ഇന്ത്യയിലെ സ്വത്തുക്കളാണ് കേന്ദ്ര സർക്കാർ അതിവേഗം കണ്ടെത്തി പിടിച്ചെടുത്ത്് സർക്കാറിലേക്ക് വകകൊള്ളിച്ചത്. ഇനി ഈ മൂന്ന് വമ്പന്മാർമാത്രമല്ല മുൻ കേന്ദ്രമന്ത്രിമാർ, വൻകിട രാഷ്‌ട്രീയ നേതാക്കളടക്കം കഴിഞ്ഞ ഏഴുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചവരടക്കമുള്ളവരിൽ നിന്നും 5.49 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ ഖജനാവിലേക്ക് തിരികെ മുതൽകൂട്ടിയതെന്നതും മറ്റൊരു നേട്ടമാണ്.
2021 ജൂലൈ മാസം വരെയുള്ള എൻഫോഴ്‌സ്‌മെന്റ് കണക്കുകൾ പുറത്തുവിട്ടപ്പോഴാണ് കള്ളപ്പണക്കാരും രാജ്യത്തെ നികുതി വെട്ടിച്ചും ബാങ്കുകളെ കബളിപ്പിച്ചും പറന്നു നടന്നിരുന്നവരെ എങ്ങനെ നേരിടുമെന്നത് പൊതുസമൂഹത്തിന് നരേന്ദ്ര മോദി സർക്കാർ കാണിച്ചുതന്നത്.
ഈ വർഷം ജൂലൈ 16ന് വിജയ് മല്യയുടെ 792 കോടി രൂപയുള്ള ആസ്തി തിരിച്ചുപിടിച്ചതാണ് ഇതിൽ ഏറ്റവും അവസാന ത്തേതെന്നും മന്ത്രി പറഞ്ഞു. 14,000 കോടി രൂപയുടെ പിഎൻബി തട്ടിപ്പ് കേസിൽ ഒളിവിൽപ്പോയ വ്യവസായിയും മുഖ്യപ്രതിയുമായ നീരവ് മോദി നിലവിൽ തെക്കുപടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്‌സ്വർത്ത് ജയിലിലാണ്. ഇയാൾക്ക് നാല് തവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. ഇന്ത്യ വിട്ട് 17 മാസത്തിന് ശേഷം മാർച്ച് 20 നാണ് മോദി ലണ്ടനിൽ അറസ്റ്റിലായത്. അതേസമയം, ബാങ്കുകളുടെ കൺസോർഷ്യത്തിന് മുതലും പലിശയുമായി മല്യ 9,000 കോടി രൂപ നൽകാനുണ്ട്.
17 ഇന്ത്യൻ ബാങ്കുകളെയാണ് വിജയ് മല്യ പറ്റിച്ചത്. 9000 കോടിയാണ് വ്യവസായങ്ങളുടെ പേരിൽ വായ്പ എടുത്തത്. വ്യവസായ പ്രമുഖനെന്ന നിലയിൽ ഇന്ത്യൻ രാജ്യസഭയിൽ ഇടംപിടിച്ച മല്യയുടെ കണ്ണഞ്ചിപ്പിക്കുന്ന ആർഭാടത്തിലും ആതിഥ്യ സൽക്കാരങ്ങളിലും മയങ്ങിയ രാഷ്‌ട്രീയ നേതൃത്വങ്ങൾക്ക് നരേന്ദ്രമോദിയുടെ നടപടി വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
യു.ബി ഗ്രൂപ്പ് ചെയർമാനെന്ന നിലയിൽ നടത്തിയ തട്ടിപ്പ് 2005 മുതൽ 2012 വരെ നീണ്ടു. ഇതിനിടെ കിംഗ്ഫിഷറെന്ന വിമാനകമ്പനിയും ഫോർമുല വൺ റേസിംഗിലെ പണംമുടക്കലും ഐ.പി.എല്ലിലെ മുതൽമുടക്കുമെല്ലാം രാജ്യം കണ്ടതാണ്. എന്നാൽ അതിവേഗമാണ് താൻ കണക്കെണിയിലാണെന്ന് വരുത്തിതീർത്ത് സ്ഥാപനങ്ങൾ പൂട്ടി മല്യ 2016ൽ നാടുവിട്ടത്. പതിവ് ലണ്ടൻ സന്ദർശനത്തിന് ശേഷം മദ്യരാജാവ് പിന്നെ ഇന്ത്യയിലേക്ക് വന്നില്ല. 2019 ജനുവരി ഒന്നിനാണ് കേന്ദ്രസർക്കാർ രാജ്യത്തെ കബളിപ്പിച്ച പണം തട്ടിപ്പുകാരനെന്ന നിലയിൽ കേന്ദ്ര ആഭ്യന്തര വകുപ്പും വിദേശകാര്യവകുപ്പും നടപടി സ്വീകരിച്ചതും വിദേശരാജ്യങ്ങളെ വിവരം ധരിപ്പിച്ചതും. രണ്ടു വർഷത്തിനുള്ളിൽ മല്ല്യയുടെ സ്വത്ത് കണ്ടുകെട്ടാനായത് കേന്ദ്രസർക്കാറിന് നേട്ടമായി.
നീരവ് മോദി തന്റെ സാമ്രാജ്യം വികസിച്ചത് രത്‌ന വ്യാപാരത്തിലൂടെയാണ്. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിപ്പ് 15,000 കോടി രൂപയോളം തട്ടിയെടുത്തു. 2018 ലാണ് കേന്ദ്രസർക്കാർ നീരവ് മോദിക്കെതിരെ കേസെടുക്കുന്നത്. ഇന്ത്യയിലെ മാത്രം 500 കോടിയുടെ സ്വത്ത് തുടക്കത്തിൽ തന്നെ കണ്ടുകെട്ടിയിരുന്നു. 2011ൽ രത്‌നം ഇറക്കുമതി ചെയ്യാൻ ബാങ്ക് ഗ്യാരന്റി ആദ്യമായി സ്വന്തമാക്കി നീരവ് പിന്നീട് 1212 ഗ്യാരന്റികളാണ് തട്ടിപ്പിലൂടെ സ്വന്തമാക്കി പണം തട്ടിച്ചത്. സ്വിഫ്റ്റ് നെറ്റ്വർക്ക് വഴി പഞ്ചാബ് ബാങ്കിലെ പണം അലഹബാദ് ബാങ്ക് ആക്‌സിസ് ബാങ്ക് എന്നിവിടങ്ങളിലേക്ക് എത്തിച്ചുകൊണ്ടാണ് നീരവ് പണം കയ്യിലാക്കിയിരുന്നത്. തട്ടിപ്പ് നടത്തി ലണ്ടനിലെത്തിയ നീരവ് താൻ മാനസിക രോഗിയാണെന്ന പേരിൽ യു.കെ. കോടതിയിൽ കേസുനൽകി രക്ഷപെടാനുള്ള ശ്രമവും കേന്ദ്രസർക്കാർ തകർത്തു.
മെഹുൽ ചോക്‌സിയുടെ ആസ്തി ഇന്ത്യയിൽ മാത്രം 4000 ആഭരണ കടകളുടെ ശൃംഖലയുമായി പടർന്നു പന്തലിച്ച ഗീതാഞ്ജലി ഗ്രൂപ്പാണ്. നീരവ് മോദിയുടെ അമ്മാവനാണ് മെഹുൽ ചോക്‌സി എന്ന പ്രത്യേകതയുമുണ്ട്. നിലവിൽ ആന്റിഗ്വിലും ബാർബുഡയിലുമായി പൗരത്വം സ്വീകരിച്ച് കഴിയുന്നു. ഇരുവരും ചേർന്നാണ് 14000 കോടി രൂപ തട്ടിച്ചത്.
കോടതി വഴി വർഷങ്ങളോളം നീളാറുള്ളതാണ് ഇത്തരക്കാരുടെ സാമ്പത്തിക തട്ടിപ്പുകേസുകൾ. ഇവർ ലോകത്തിന്റെ വിവിധ കോണുകളിലായി സൂക്ഷിച്ചിരിക്കുന്ന കോടാനുകോടി സമ്പത്തിന് ഒരു കോട്ടവും വരുത്താറില്ല. ഇത്തരം സാഹചര്യത്തെ തകർത്തെറിഞ്ഞാണ് മോദി സർക്കാറിന്റെ കർശന നീക്കങ്ങൾ. ആദ്യം ഇത്തരക്കാർ വാങ്ങിക്കൂട്ടിയ ഇന്ത്യയിലെ എല്ലാ സ്വത്തും കണ്ടുകെട്ടി നടപടികൾ വേഗത്തിലാക്കി.
രാജ്യത്തെ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങുന്നവരുടെ സ്വത്ത് കണ്ടുകെട്ടി ലഭിക്കുന്ന പണം ബാങ്കുകളെ തിരികെ ഏൽപ്പിച്ച് സാധാരണക്കാരന്റെ ആശങ്കയാണ് കേന്ദ്രസർക്കാർ പരിഹരിക്കുന്നത്. നോട്ട് നിരോധനവും കള്ളപ്പണ നിരോധന നിയമവും രാജ്യത്തിന് എന്ത് നേട്ടമുണ്ടാക്കിയെന്ന് ചോദിക്കുന്നവർക്കുള്ള കൃത്യവും വ്യക്തവുമായ ഉത്തരവും നൽകുകയാണ് നരേന്ദ്ര മോദി സർക്കാർ.
Comments