തിരുവനന്തപുരം : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കുറഞ്ഞ നിരക്കിൽ ഊണ് നൽകാൻ സർക്കാർ ഏർപ്പെടുത്തിയ സബ്‌സിഡി വിതരണം നിലച്ചതാണ് ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റിച്ചത്. ആറ് മാസമായി സർക്കാർ സഹായം ലഭിക്കുന്നില്ലന്ന് കടയുടമകൾ പറയുന്നു.
തിരുവനന്തപുരം വഴയിലയിലെ സി പി എം അനുഭാവിയായ റോസും പുണർതം കുടുംബശ്രീയും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. 20 രൂപയ്‌ക്ക് ഊണും മീൻ കറിയും. ദിവസവും 300 പേർക്ക് വരെ ഊണ് നൽകും . സാധാരണകാർക്ക് ഏറെ ആശ്വാസമായ ഈ ജനകീയ ഹോട്ടൽ നിലവിൽ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.
ഒരു ഊണിന് 10 രൂപ സബ്‌സിഡിയായി സർക്കാർ നൽകും എന്നതായിരുന്നു വാഗ്ദാനം. ആദ്യ മാസങ്ങളിൽ സബ്‌സിഡി ലഭിച്ചു. എന്നാൽ കഴിഞ്ഞ ആറ് മാസമായി സർക്കാർ സഹായം ലഭിക്കുന്നില്ല . പച്ചക്കറികൾക്ക് ഉൾപ്പടെ വില ഉയരുക കൂടി ചെയ്തതോടെ പലരും കടക്കെണിയിലാണ്.
തിരുവനന്തപുരം നഗരത്തിലെ ജനകീയ ഹോട്ടലുകൾ എല്ലാം സമാന സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. പരാതി പറയാൻ ശ്രമിച്ചാൽ ഉടൻ പരിശേധനക്ക് ഉദ്യോഗസ്ഥർ എത്തി ഉപദ്രവിക്കുന്ന രീതിയാണെന്നും ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു.
Comments