പാമ്പുകളെ വളർത്തുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അവരുടെ വീഡിയോകളിലൂടെ ആയിരിക്കും ഒരു പക്ഷേ നമ്മൾ പാമ്പുകളുടെ ചില പ്രത്യേകതകളെ കുറിച്ച് പോലും മനസിലാക്കിയിട്ടുള്ളത്. ഇത്തരത്തിൽ പാമ്പിനെ വളർത്തുന്ന ഒരു വ്യക്തി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഉഗ്രവിഷമുള്ള പാമ്പ് സ്വന്തം ശരീരം വിഴുങ്ങുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.
വാലറ്റത്തുനിന്നും തന്റെ ശരീരം ഭക്ഷിക്കാൻ ആരംഭിച്ച പാമ്പ്, പകുതിയോളം ഭാഗം വിഴുങ്ങി കഴിഞ്ഞതായി വീഡിയോയിൽ കാണാം. ശരീരത്തിന്റെ പകുതിയോളം ഭാഗം വിഴുങ്ങിയ പാമ്പ്, ഒരു വളയുടെ രൂപത്തിലായി. ഇതിനെ പഴയ രൂപത്തിലാക്കാൻ പാമ്പിന്റെ യജമാനൻ ചെയ്ത കാര്യവും കാഴ്ചക്കാരെ ഞെട്ടിച്ചു.
സ്വന്തം ശരീരത്തിന്റെ പകുതിയിലധികഭാഗവും വിഴുങ്ങി, ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ പാമ്പ് ഇരിക്കുമ്പോഴാണ്, ഉടമ റോബ് ക്ലാർക്ക് വെനിറ്റോക്സ് പാമ്പിന്റെ രക്ഷയ്ക്കെത്തുന്നത്. തന്റെ ഓമനയായ പാമ്പിന്റെ ദേഹത്ത് സാനിറ്റൈസർ ഒഴിച്ചാണ്് ഇയാൾ അതിനെ പഴയ രൂപത്തിലാക്കിയത്. ഉടമ സാനിറ്റൈസർ പ്രയോഗിച്ചയുടനെതന്നെ പാമ്പ് സ്വയം വിഴുങ്ങിയ ശരീരഭാഗം മുഴുവൻ പുറത്തേയ്ക്ക് തുപ്പുകയിരുന്നു.
എന്തുകൊണ്ടാണ് പാമ്പ് ഇത്തരത്തിൽ സ്വന്തം ശരീരം വിഴുങ്ങുന്നതെന്നും വീഡിയോയിൽ പറയുന്നു. ചില ഉഗ്രവിഷമുള്ള പാമ്പുകൾ വിശക്കുമ്പോൾ മറ്റ് പാമ്പുകളെ ഭക്ഷിക്കാറുണ്ടത്രേ. അങ്ങനെ മറ്റൊരു പാമ്പാണെന്ന് കരുതിയാണ് തന്റെ ഓമനയും ഇങ്ങനെ ചെയ്തതെന്നാണ് ഉടമ പറയുന്നത്. കൂടാതെ, ഭക്ഷണം നൽകാൻ വൈകിയാലും ഇവ ഇത്തരത്തിൽ പ്രവർത്തിക്കാറുണ്ട് എന്നും ഇവയ്ക്ക് ഏറെ ശ്രദ്ധയും പരിചരണവും ആവശ്യമാണ് എന്നും ഉടമ പറഞ്ഞു.
Comments