ഒല്ലൂർ: കേരളത്തിൽ ക്രമസമാധാന നില സമ്പൂർണമായി തകർന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പോലീസിന് ഒന്നിനും ഒരു നിയന്ത്രണം ഇല്ലാതായിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികൾ അടക്കം അക്രമാസക്തരായി പോലീസ് വാഹനങ്ങൾ കത്തിക്കുകയും ക്രമസമാധാനം തകർക്കുകയും ചെയ്യുന്ന ലജ്ജാകരമായ സ്ഥിതിയിലേക്ക് കേരളം എത്തിയെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഇരട്ടച്ചങ്കൻ എന്ന് പറഞ്ഞ് പിണറായി വിജയൻ ആളുകളെ പറ്റിക്കുന്നതല്ലാതെ ആഭ്യന്തര വകുപ്പ് സമ്പൂർണമായി പരാജയപ്പെട്ടു. നിയമവാഴ്ച സംരക്ഷിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ട സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികൾ പോലും അക്രമത്തിലേക്ക് തിരിയുന്നത് പോലീസ് നിഷ്‌ക്രിയത്വത്തിനു തെളിവാണ്. സംസ്ഥാനത്ത് മയക്കു മരുന്ന് വ്യാപിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പരസ്യമായി പിന്തുണ നൽകുകയാണ്. പൂർണമായി അവരുടെ ഭീകരപ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments