കാസർകോട്: നാടിനാവശ്യമായ കാര്യങ്ങൾക്ക് എതിർപ്പുകൾ ഉയർന്നുവന്നാൽ അതിന്റെ കൂടെ നിൽക്കാൻ സർക്കാറിന് ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അനാവശ്യമായ എതിർപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കാനാണോ സർക്കാർ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വാഭാവികമായി അത്തരം കാര്യങ്ങളിൽ പുനരധിവാസ പദ്ധതികൾ കൃത്യമായി നടപ്പാക്കും.ആരെയും ദ്രോഹിക്കാൻ പാടില്ല.സ്ഥലം ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായും പ്രശ്‌നങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീലേശ്വരം പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ കണ്ണൂരിലെ ഒരു ചടങ്ങിനിടെ സിൽവർലൈൻ എതിർപ്പുണ്ടെന്ന് കരുതി പിൻമാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കരുത്.നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്. വരും തലമുറയുടെ ശാപം ഉണ്ടാക്കരുതെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.പദ്ധതിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങൾ ഉയരുമ്പോഴും ജനങ്ങൾ ആത്മഹത്യാ ഭീക്ഷണി വരെ മുഴക്കുമ്പോഴും ഇതിനൊരു പരിഹാരം കാണാതെ എതിർപ്പുകൾ അവഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെയാണ് വീണ്ടും എതിർപ്പുകൾ അവഗണിച്ച് മുഖ്യമന്ത്രി പ്രസ്താവനയുമായി എത്തിയത്.
സിൽവർലൈൻ സംബന്ധിച്ച് ഇടത് മുന്നണിയിലും ഭിന്നത രൂക്ഷമാവുകയും പ്രതിഷേധക്കാരെ കൈയ്യിലെടുക്കാൻ നഷ്ടപരിഹാര ക്യാമ്പെയ്‌നുമായി സർക്കാർ മുന്നോട്ട് പോവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ. ഭൂമി വിട്ടുനൽകുന്നവർക്ക് മികച്ച നഷ്ടപരിഹാരമെന്ന തരത്തിലാണ് പ്രാചരണങ്ങൾ.
















Comments