മുംബൈ: മുംബൈയിൽ എടിഎം മെഷീൻ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൂനെയിലെ ചിമ്പാലിയിലുള്ള എടിഎം മെഷീനാണ് തകർന്ന നിലയിൽ കണ്ടെത്തിയത്. എടിഎമ്മിൽ നിന്നും 16 ലക്ഷത്തോളം രൂപ മോഷണം പോയതായി അധികൃതർ അറിയിച്ചു. അജ്ഞാതർ ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയാണ് എടിഎം കൗണ്ടർ തകർത്തത്. ശേഷം പണവുമായി കടന്നു കളയുകയായിരുന്നു.
ഇന്ന് പുലർച്ചെ 3.40നാണ് സംഭവം. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ മൂന്നംഗ സംഘത്തെ നിയോഗിച്ചതായി പോലീസ് മേധാവി അറിയിച്ചു. എടിഎം കൗണ്ടറിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല. സ്‌ഫോടനത്തിന് മുൻപ് സമീപത്തെ വീടുകൾ മോഷ്ടാക്കൾ പുറത്ത് നിന്നും പൂട്ടിയിരുന്നു.
ചിലർ വലിയ സ്‌ഫോടന ശബ്ദം കേട്ടിരുന്നു. എന്നാൽ വാതിലുകൾ പുറത്ത് നിന്ന് പൂട്ടിയതിനാൽ പുറത്തേയ്‌ക്ക് വരാനായില്ല. രാവിലെ ഒൻപത് മണിക്കാണ് സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. പ്രദേശത്തെ സിസിടിവികളെല്ലാം തന്നെ മോഷ്ടാക്കൾ നശിപ്പിച്ചു. പ്രതികളെ കുറിച്ച് നിലവിൽ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments