വലിയതുറ: ഗർഭിണിയേയും അമ്മയേയും തടഞ്ഞുവച്ച് ആക്രമിച്ചത് തടയാനെത്തിയ വനിതാ ട്രാഫിക് വാർഡന് നേരെ ആക്രമണം. ശംഖുമുഖത്തെ ട്രാഫിക് വാർഡനായ ദിവ്യയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ ബൈക്കിടിച്ച് പരിക്കേൽപ്പിക്കാൻ നോക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം രാജീവ് നഗർ ട്രിനിറ്റി ഹൗസിൽ ആന്റണിയെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വലിയവേളി സ്വദേശിനിയായ ഷാലറ്റും മകളായ ലിബിതയും ശംഖുമുഖത്ത് എത്തിയിരുന്നു. ഇവിടെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യുന്നതിനിടെ ഇവരുടെ കാർ ആന്റണിയുടെ ബൈക്കിൽ തട്ടിയെന്നാരോപിച്ചാണ് ഷാലറ്റിനേയും ലിബിതയേയും അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമിച്ചത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവ്യ ഓടിയെത്തി കയ്യേറ്റം തടഞ്ഞു.
ഇതിൽ പ്രകോപിതനായ ആന്റണി ദിവ്യയുടെ കാലിൽ ബൈക്കിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആന്റണിയെ അറസ്റ്റ് ചെയ്തത്. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. വലിയതുറ, തുമ്പ, വട്ടിയൂർക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments