കൊച്ചി : കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ച് ഹൈക്കോടതി. ഡിവിഷൻ ബെഞ്ചാണ് ഹർജിയിലെ ഒന്നാം എതിർ കക്ഷിയായ ഗവർണർക്ക് നോട്ടീസ് അയച്ചത്. ഗവർണർക്ക് വേണ്ടി രാജ് ഭവൻ ഓഫീസ് നോട്ടീസ് കൈപ്പറ്റികൊണ്ടുള്ള രേഖ കോടതിയ്‌ക്ക് കൈമാറി.
പ്രത്യേക ദുതൻ മുഖേനയാണ് ഗവർണർക്ക് നോട്ടീസ് നൽകിയത്. കേസിലെ രണ്ടാം എതിർ കക്ഷിയായ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കുള്ള നോട്ടീസ് അഡ്വക്കേറ്റ് ജനറലും, കണ്ണൂർ സർവകലാശാലയ്‌ക്കുള്ള നോട്ടീസ് സർവ്വകലാശാല സ്റ്റാൻഡിങ് കൗൺസിലും നേരിട്ട് സ്വീകരിച്ചിരുന്നു.
നേരത്തെ വിസി നിയമനം ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ ഡിവിഷൻ ബെഞ്ച് അടുത്തമാസം 12 ന് വാദം കേൾക്കും.
ഗവർണർക്കുവേണ്ടി അഡ്വക്കേറ്റ് ജനറൽ ഹാജരാകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഗവർണർ പ്രത്യേക അഭിഭാഷകനെ നിയോഗിക്കും. സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് നിയമനം അംഗീകരിച്ചതെന്നും സർവ്വകലാശാല കാര്യങ്ങളിൽ ഇടപെടില്ലെന്നും ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ അപ്പീലീൽ ഗവർണറുടെ അഭിഭാഷകന്റെ നിലപാട് നിർണായകമായിരിക്കും. എന്നാൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ,വിസി യുടെ പുനർനിയമനത്തിന് സർക്കാരിന് നൽകിയ നിയമോപദേശത്തെ അടിസ്ഥാനപെടുത്തിയുള്ള നിലപാടായിരിക്കും കോടതിയിൽ സ്വീകരിക്കുക.
Comments