ദുബായ്: മെട്രോ, പബ്ലിക് ബസ്,ആർടിഎയുടെ സേവനകേന്ദ്രങ്ങൾ തുടങ്ങിയവയുടെ സമയക്രമത്തിൽ മാറ്റം വരുന്നു. യു.എ.ഇ.യിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവൃത്തിദിന പരിഷ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായ് മെട്രോ, പബ്ലിക് ബസ്,ആർടിഎയുടെ സേവനകേന്ദ്രങ്ങൾ തുടങ്ങിയവയുടെ സമയക്രമത്തിൽ മാറ്റം വരുന്നത്.
ജനുവരി മൂന്ന് മുതൽ ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ അഞ്ചുമണി മുതൽ അടുത്തദിവസം പുലർച്ചെ 1.15 വരെ സർവീസ് നടത്തും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ചുമണി മുതൽ പുലർച്ചെ 2.15 വരെ സർവീസുണ്ടാകും. ഞായറാഴ്ച രാവിലെ എട്ടുമണി മുതൽ പുലർച്ചെ 1.15 വരെയാണ് സർവീസ്. ദുബായ് ട്രാം സർവീസുകൾ തിങ്കൾ മുതൽ ശനിവരെ രാവിലെ ആറുമണിമുതൽ അടുത്തദിവസം പുലർച്ചെ ഒരുമണിവരെ സർവീസ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതുമണി മുതൽ പുലർച്ചെ ഒരുമണി വരെയും സർവീസുണ്ടാകും.
ദുബായ് ബസ് സർവീസുകൾ തിങ്കൾ മുതൽ വ്യാഴം വരെ സാധാരണ സമയക്രമത്തിലും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരക്കിനനുസരിച്ചും സർവീസുകൾ ക്രമപ്പെടുത്തും.പൊതുപാർക്കിങ്ങുകളിലെ ഇടപാടുകളിൽ പുതിയ അറിയിപ്പുണ്ടാകും വരെ മാറ്റമുണ്ടാകില്ല. വെള്ളിയാഴ്ചകളിലും പൊതു അവധിദിനങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കുമെന്നും ആർ.ടി.എ. അറിയിച്ചു.തിങ്കൾ മുതൽ വെള്ളി വരെയാണ് ആർടിഎയുടെ പ്രധാന ഓഫീസുകളുടെ പ്രവൃത്തിസമയം. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയായിരിക്കും. രാവിലെ 7.30 മുതൽ ഉച്ചയ്‌ക്ക് ശേഷം 3.30 വരെയായിരിക്കും പ്രവൃത്തിസമയം. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്‌ക്ക് 12 രണ്ടരവരെയാണ് ഓഫീസുകൾ തുറന്നുപ്രവർത്തിക്കുക.














Comments