തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് എതിരെ ജനങ്ങളുടെ എതിർപ്പ് നാൾക്കുനാൾ വർധിക്കുന്നതിനിടെ പ്രതിരോധത്തിലായ പിണറായി സർക്കാർ ജനരോഷം മറികടക്കാൻ പുതുവഴികൾ തേടുന്നു. അതിനിടെ പദ്ധതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് പിണറായി ന്യായീകരണവുമായി രംഗത്തെത്തിയത്.
കേരളത്തിന്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈനെന്ന് പിണറായി വ്യക്തമാക്കുന്നു. കേരളത്തിന്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈൻ. നിരവധി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള ശ്രമങ്ങൾ പലരും നടത്തി വരുന്നുണ്ട്. എന്നാൽ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാർത്ഥ്യം.
നാടിന്റെ പുരോഗതിയ്‌ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്‌ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി അതിന്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിന്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പിആർഡി തയ്യാറാക്കിയ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വാഹനപ്പെരുപ്പവും ഗതാഗതകുരുക്കും കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിന് ആശ്വാസമേകുന്ന പദ്ധതിയാണെന്ന് വീഡിയോ വിവരിക്കുന്നു. അടുത്ത 50 വർഷത്തേക്കുളള ഗതാഗതപ്രശ്‌നത്തിനുളള പരിഹാരമാണ് പദ്ധതി. ഒരു സമയം 675 പേർക്ക് സഞ്ചരിക്കാം. ആകെ ചെലവ് 63,941 കോടി രൂപ. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 പേർ സിൽവർലൈനിലേക്ക് മാറും. 12872 വാഹനങ്ങൾ ാദ്യവർഷം റോഡിൽ നിന്ന് വിമുക്തമാകും.
530 കോടിയുടെ പെട്രോളും ഡീസലും പ്രതിവർഷം ലാഭിക്കാം. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ 88 കിലോമീറ്റർ ആകാശപ്പാത നിർമ്മിക്കും. നാലുവരി ദേശീയപാതയേക്കാൾ കുറഞ്ഞ ഭൂമിയും നിർമ്മാണസാമഗ്രികളും മതി. കേരളത്തിന്റെ ജൈവവൈവിധ്യം കണക്കിലെടുത്ത് സമ്പൂർണ്ണ ഹരിത പദ്ധതിയാണ് കെ റെയിൽ വിഭാവനം ചെയ്യുന്നത്. വാഹനാപകടങ്ങളും കാർബൺ ബഹിർഗമനവും കുറയും. 2025ൽ പദ്ധതി നാടിന് സമർപ്പിക്കും. 50,000 തൊഴിൽ അവസരങ്ങളും പദ്ധതി സൃഷ്ടിക്കമെന്നും വീഡിയോവിൽ വ്യക്തമാക്കുന്നു.
സിപിഎം ജില്ലാസമ്മേളനങ്ങളിൽ പദ്ധതിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷികളും ഇതിനെതിരെ രംഗത്ത് വന്നത് പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി തന്നെ ന്യായീകരണവുമായി വന്നിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി നടന്ന സ്ഥലമെടുപ്പ് പല സ്ഥലങ്ങളിലും സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. വീട് ചവിട്ടിതുറന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.
കെ റെയിൽ പദ്ധതി മറ്റൊരു നന്ദിഗ്രാമും സിംഗൂരും ആകുമെന്ന മുന്നറിയിപ്പ് പാർട്ടി അംഗങ്ങൾ തന്നെ നൽകിയിരുന്നു. എതിർപ്പ് മറികടക്കാൻ സിപിഎം പ്രവർത്തകർ തന്നെ ബുക്ക്‌ലെറ്റുകളും നോട്ടീസുകളുമായി വീടുകളിലെത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി വിവിധ ജില്ലകളിൽ എത്തി പൗരപ്രമുഖരെ കാണാൻ എത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് സമൂഹമാദ്ധ്യമത്തിലെ പോസ്റ്റ്.
Comments