തൃശൂർ: സഹോദരിയുടെ വിവാഹത്തിന് ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുണ്ടുവാറ സ്വദേശി വിപിന്റെ സഹോദരിയുടെ വിവാഹം നടന്നു. പാറമേക്കാവ് അമ്പലത്തിൽവെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. 12ാം തിയതി നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടർന്നാണ് മാറ്റി വച്ചത്. വിവാഹത്തിൽ നിന്ന് എന്തുവന്നാലും പിന്മാറില്ലെന്ന് പ്രതിശ്രുത വരനായ നിധിൻ നേരത്തെ പറഞ്ഞിരുന്നു.
തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിദ്യ. മരണം നടന്ന് 16 ദിവസത്തിന് ശേഷം വിവാഹം നടത്താമെന്ന നിർദ്ദേശത്തെ തുടർന്നാണ്, അതിന് ശേഷമുള്ള ആദ്യ മുഹൂർത്തമെന്ന നിലയിൽ ഇന്ന് വിവാഹം നടന്നത്. രണ്ട് വർഷത്തിലേറെയായി ഇഷ്ടത്തിലായിരുന്നു നിധിനും വിദ്യയും. വിവാഹത്തിന് സ്ത്രീധനമോ സ്വർണ്ണമോ നിധിൻ ചോദിച്ചിരുന്നില്ല.
വിവാഹത്തിന് സ്വർണ്ണം വാങ്ങാനും മറ്റുമായി പണമിടപാട് സ്ഥാപനത്തിൽ വായ്പയ്ക്ക് വിപിൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ വായ്പ വാങ്ങാൻ ബാങ്കിൽ ചെന്നപ്പോഴാണ് തുക ലഭിക്കില്ലെന്ന് അറിഞ്ഞത്. മൂന്ന് സെന്റ് ഭൂമി മാത്രമേയുളളൂവെന്നും അതിനാൽ വായ്പ നൽകാൻ കഴിയില്ലെന്നുമായിരുന്നു ബാങ്കിന്റെ നിലപാട്. ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ.
വിവാഹശേഷം ജനുവരിയിൽ നിധിൻ വിദേശത്തേക്ക് മടങ്ങും. അധികം വൈകാതെ വിദ്യയേയും കൊണ്ടു പോകും. വിപിന്റെ മരണത്തിന് പിന്നാലെ നിരവധി സന്നദ്ധ സംഘടനകളാണ് ഈ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയത്.
Comments