അഗർത്തല : ത്രിപുരയിൽ ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും അത്യാധുനിക ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുരക്ഷാ ഏജൻസികൾ. രാജ്യത്തെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള ബംഗ്ലാദേശി ഭീകരരുടെ പദ്ധതിയുടെ ഭാഗമായാണ് ആയുധങ്ങൾ അതിർത്തി കടത്തിയതെന്നാണ് സംശയിക്കുന്നത്. ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് ഭീകരർ ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അടുത്തിടെ സുരക്ഷാ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നു. ഈ സൂചനകൾക്ക് ബലം നൽകുന്നതാണ് അതിർത്തിയിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ.
ഹബിഗഞ്ചിലെ സത്ച്ചാരി ദേശീയ പാർക്കിന് സമീപത്തു നിന്നും തിങ്കളാഴ്ചയാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഇന്തോ-ബംഗ്ലാ അതിർത്തിയിൽ നിന്നും നാല് കിലോ മീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. ഭീകരാക്രമണം നടത്തുന്നതിന് വേണ്ടി ഭീകരർ സൂക്ഷിച്ച ആയുധങ്ങളാകാം ഇതെന്നാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം. ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിക്കാൻ ബംഗ്ലാദേശിലും, ഇന്ത്യയിലും പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനായി ബംഗ്ലാദേശ് ഭീകരർക്ക് ഐഎസ്‌ഐ ആയുധങ്ങൾ നൽകുന്നതായും സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച ആയുധങ്ങളാകാം ഇതെന്നും സുരക്ഷാ ഏജൻസികൾ സംശയിക്കുന്നുണ്ട്.
സംഭവത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയുധങ്ങൾ എങ്ങിനെ അതിർത്തി കടന്നു എന്നാണ് സുരക്ഷാ ഏജൻസികൾ ആദ്യം പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ബോർഡർ ഗാർഡിനോട് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലായിരുന്നു ആയുധങ്ങൾ പിടിച്ചെടുത്തത്. 15 റോക്കറ്റ് പ്രൊപ്പെൽഡ് ഗ്രനേഡുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് സുരക്ഷാ സേന പിടിച്ചെടുത്തത്. 25 ബൂസ്റ്ററുകൾ, ആർപിജി ലോഞ്ചറുകൾ, തോക്കുകൾ, സ്‌ഫോടക വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തിരുന്നു.
Comments