മിന്നൽ മുരളി സിനിമ ഇന്ത്യയിലെമ്പാടും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോൾ ‘ആർആർആർ’ വേദിയിലും തരംഗമായിരിക്കുകയാണ് മിന്നൽ മുരളിയും ടൊവിനോയും. രാജമൗലിയുടെ പുതിയ ചിത്രമായ ‘ആർആർആർ’ ന്റെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംവിധായകനായ രാജമൗലി, ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർക്കൊപ്പം ടൊവിനോയും പങ്കെടുത്തിരുന്നു. ഈ വേദിയിൽ വച്ചാണ് രാജമൗലിയുടെ അഭിനന്ദനം ടൊവിനോ ഏറ്റുവാങ്ങിയത്. സ്വന്തമായി ഒരു സൂപ്പർഹീറോ എന്നത് തെന്നിന്ത്യയുടെ ആഗ്രഹമായിരുന്നുവെന്നും, മിന്നൽമുരളി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ നമുക്കും ഒരു സൂപ്പർ ഹീറോ വന്നിരിക്കുകയാണെന്നും രൗജമൗലി പ്രശംസിച്ചു.
ചടങ്ങിൽ ടൊവി സാർ എന്നാണ് രാം ചരൺ ടൊവിനോയെ അഭിസംബോധന ചെയ്തത്. ടൊവിനോ എന്ന് പറയുമ്പോൾ ജനങ്ങളിൽ നിന്ന് കിട്ടുന്ന ആരവം തന്നെയാണ്, താങ്കൾക്കുള്ള അംഗീകാരമെന്നും രാംചരൺ ടൊവിനോയോട് പറഞ്ഞു. ടൊവിനോ തനിക്കൊരു സഹോദരനെ പോലെയാണെന്ന് ജൂനിയർ എൻടിആർ പറഞ്ഞു. മികച്ച അഭിനയപാടവമുള്ള താരമാണ് ടൊവിനോയെന്നും, മിന്നൽ മുരളിയുടെ വിജയത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വേദിയിൽ സംസാരിക്കാൻ കയറിയ ടൊവിനോയെ ആർപ്പുവിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്. കുറച്ച് നിമിഷങ്ങൾ വേദിയിൽ സംസാരിക്കാനും ടൊവിനോയ്‌ക്ക് സാധിച്ചില്ല. എല്ലാവരേയും പോലെ താനും ആർആർആർ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണെന്ന് ടൊവിനോ പറഞ്ഞു. ‘ ചിത്രത്തിന്റെ പാട്ടുകളും ടീസറുകളും പുറത്തിറങ്ങിയ ദിവസം മുതൽ ഞാനും ഇത് കാണാനായി കാത്തിരിക്കുകയാണ്. ബാഹുബലി ലോകമെമ്പാടും വലിയ വിജയമായിരുന്നു. ആർആർആർ അതിലും മികച്ച വിജയം നേടട്ടെ എന്നാണ് ആശംസിക്കുന്നത്. കേരളത്തിലും ചിത്രം വമ്പൻ ഹിറ്റായിരിക്കും. എല്ലാവരും കാണിക്കുന്ന സ്‌നേഹത്തിൽ വലിയ സന്തോഷമുണ്ട്. സിനിമ ആദ്യം തീയേറ്ററിൽ പോയി കാണുന്ന ആളുകളിലൊരാൾ ഞാനായിരിക്കുമെന്നും’ ടൊവിനോ പറഞ്ഞു.
















Comments