തിരുവനന്തപുരം : മതങ്ങൾ തമ്മിൽ കലഹിക്കരുത് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ യഥാർഥ സന്ദേശം മനുഷ്യരെ സ്‌നേഹിക്കുക എന്നതാണ്. ഇത് സമൂഹം ഉൾക്കൊണ്ടിട്ടുണ്ട്. എന്നാൽ അത് മനസ്സിലാകാത്തവർ ഇന്നുമുണ്ടെന്നും ഇതിന്റെ അപകടാവസ്ഥ ഉൾക്കൊണ്ട് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. 89-ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ പ്രവർത്തിക്കുന്നത് ഗുരുദേവന്റെ സന്ദേശങ്ങളിലൂന്നിയാണ്. ഏതു നിമിഷവും വർഗീയ ഫാസിസം പിടികൂടുമെന്ന ആപത് ശങ്ക എല്ലാവരെയും ബാധിക്കുന്ന കാലമാണിത്. ഗുരുവിനെ ഏതെങ്കിലും വിഭാഗത്തിന്റെ പ്രതിനിധിയായി അവതരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇവിടെയാണ് ഗുരുവിന്റെ മതനിരപേക്ഷ ചിന്തകൾ പ്രസക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കനിമൊഴി എംപിയും പങ്കെടുത്തു.
ആയിരക്കണക്കിന് ശ്രീനാരായണ ഭക്തരെ സാക്ഷിയാക്കി ധർമസംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ധർമ്മ പതാക ഉയർത്തിയതോടെയാണ് ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായത്. മൂന്നു ദിവസമായി നടക്കുന്ന തീർഥാടനത്തിൽ വിവിധ വിഷയങ്ങളിൽ സമ്മേളനങ്ങൾ നടക്കും. ശ്രീനാരായണ ഗുരു സ്ഥാപിച്ച ബ്രഹ്മവിദ്യാലയ കനക ജൂബിലിയോട് അനുബന്ധിച്ച് പ്രത്യേക സമ്മേളനവും നടക്കും. ശബരിമലയിലും ഗുരുവായൂരിലും ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ ശാന്തിക്കാരായി അബ്രാഹ്മണരെയും പരിഗണിക്കണമെന്ന് ശ്രീനാരായണ ധർമ സംഘം സെക്രട്ടറി സ്വാമി ഋതംബരാനന്ദ ആവശ്യപ്പെട്ടു.
















Comments