കൊറോണ ബാധയിൽ വീണ്ടും വീർപ്പുമുട്ടി ലോകം ; ഒരാഴ്ചകൊണ്ട് 70 ലക്ഷംപേർക്ക് വൈറസ് ബാധ; ഒറ്റ ദിവസം വൈറസ് ബാധ 10ലക്ഷം പേരിലേക്ക്

Published by
Janam Web Desk

ന്യൂയോർക്ക്: ഒമിക്രോൺ ബാധ പലയിടത്തേക്കും വ്യാപിക്കുമ്പോൾ ശൈത്യകാല കൊറോണ ബാധ കൂടുന്നതായി ലോകാരോഗ്യസംഘടന. ആഗോളതലത്തിൽ കഴിഞ്ഞ ഒരാഴ്ച 70 ലക്ഷം പേർക്ക് കൊറോണ ബാധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒറ്റ ദിവസം 10 ലക്ഷം പേർക്ക് വൈറസ് ബാധിച്ചെന്നതും ആശങ്കയാണെന്നും ഡബ്ലു.എച്ച്.ഒ പറയുന്നു.

ഗ്രീസ് മുതൽ മെക്‌സിക്കോ വരേയും ബാഴ്‌സലോണ മുതൽ ബാലിവരേയും യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഒമിക്രോൺ വ്യാപിച്ചെന്നാണ് ലോകാരോഗ്യ സംഘടന പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ക്രിസ്തുമസ് മുതൽ ലോകമെമ്പാടും നടക്കുന്ന ആഘോഷങ്ങൾക്കെല്ലാം പുതുവത്സര ദിനങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഫ്രാൻസിൽ മാസ്‌കുകൾ വീണ്ടും നിർബന്ധമാക്കിയെന്നും 11 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് പൊതു ആഘോഷങ്ങളിൽ അനുവാദമുള്ളുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിശാക്ലബ്ബുകളെല്ലാം രാത്രി പ്രവർത്തിക്കാനാകാത്ത തരത്തിലാണ് നിയന്ത്രണം.

സ്‌പെയിൻ എല്ലാ പൊതു ആഘോഷങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയെങ്കിലും മാഡ്രിഡിലെ ആഘോഷം 7000 പേർക്ക് മാത്രം പ്രവേശനം നൽകി നടത്താനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

കൊറോണവ്യാപനത്തിലെ ആദ്യ ഘട്ടത്തിലെ പോലെ പൊതു ചികിത്സാ കേന്ദ്രങ്ങളും മൊബൈൽ സംവിധാനങ്ങളും ഒരുക്കിയാണ് ബ്രിട്ടൺ ഒമിക്രോണിനെ നേരിടുന്നത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം 11,452 ആയിക്കഴിഞ്ഞു. ദ്വീപു രാജ്യങ്ങളിൽ ഇന്തോനേഷ്യയാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. 40 ലക്ഷം പേർക്കാണ് രോഗംബാധിച്ചിരിക്കുന്നത്.

യൂറോപ്പിനൊപ്പം ഏഷ്യയിലും മദ്ധ്യേഷ്യയിലും നിയന്ത്രണമാണ്. റഷ്യ പുതുവത്സരത്തിൽ അരലക്ഷം രോഗികളുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്. സൗദി അറേബ്യ പൊതു സ്ഥലത്ത് ഒത്തുകൂടുന്നിടത്ത് സാമൂഹ്യ അകലം കർശനമാക്കിയെന്നാണ് റിപ്പോർട്ട്.

Share
Leave a Comment