അമരാവതി : ഗുണ്ടൂരിലെ ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി. ദേശീയ സെക്രട്ടറി വൈ സത്യകുമാർ ആണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ടവറിന് എന്തുകൊണ്ട് ഇന്ത്യയിലെ പ്രശസ്തരുടെ പേര് ഇട്ടുകൂട എന്നും അദ്ദേഹം ചോദിച്ചു.
ജിന്ന ടവറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് സത്യ കുമാർ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്. ഈ ടവർ ജിന്നാ ടവർ എന്നും, ഇത് സ്ഥിതി ചെയ്യുന്ന സ്ഥലം ജിന്ന സെന്റർ എന്നുമാണ് അറിയപ്പെടുന്നത്. തമാശ എന്തെന്നാൽ ഈ സ്ഥലം പാകിസ്താനിലല്ല നമ്മുടെ ഇന്ത്യയിൽ അതും ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ്. ഇന്ത്യയെ ചതിച്ചയാളുടെ പേരുമായി നിലകൊള്ളുന്ന ഒരേയൊരു സ്ഥലം. എന്തുകൊണ്ട് ഈ സ്ഥലത്തിന് ഭാരതത്തിന്റെ പുത്രനായ ഡോ. കലാമിന്റെ പേര് നൽകി കൂട?. എന്തുകൊണ്ട് പ്രശസ്ത ദളിത് കവിയായ ഗുരാം ജഷ്വയുടെ പേര് നൽകിക്കൂട?- സത്യകുമാർ ട്വിറ്ററിൽ കുറിച്ചു.
ഗുണ്ടൂരിലെ മഹാത്മാ ഗാന്ധി റോഡിലാണ് ജിന്ന ടവർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും- പാകിസ്താനുമായി നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോഴും ഈ ടവറിന്റെ പേര് മാറ്റാൻ ഇതുവരെ സർക്കാരുകൾ തയ്യാറായിട്ടില്ല. 2017 ൽ പാകിസ്താൻ ട്വിറ്ററിലൂടെ ജിന്ന ടവറിനെക്കുറിച്ച് പരാമർശിച്ചിരുന്നു.
അതേസമയം സത്യകുമാറിന്റെ ട്വീറ്റ് ബിജെപി പ്രവർത്തകരും, മറ്റ് സമുഹമാദ്ധ്യമ ഉപയോക്താക്കളും ഏറ്റെടുത്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും ഉയരുന്നുണ്ട്.
Comments