ശ്രീനഗർ:പുതുവർഷത്തിൽ രാജ്യത്തെ ദു:ഖത്തിലാഴ്‌ത്തി ജമ്മുകശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.അടിയന്തര നടപടികൾ എടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടലവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായധനം നൽകുക.
മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് സാദ്ധ്യമായ എല്ലാ വൈദ്യസഹായവും നൽകാൻ നിർദ്ദേശം നൽകുകയും ചെയ്തതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് വ്യക്തമാക്കി. സ്ഥിതിഗതികൾ പ്രധാനമന്ത്രി നീരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അടിയന്തര സാഹചര്യം വിലയിരുത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ 12 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.പുതുവർഷത്തിൽ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്.
ഡൽഹി ,ഹരിയാന,പഞ്ചാബ് ,ജമ്മുകശ്മീർ എന്നിവടങ്ങളിൽ നിന്നെത്തിയ ഭക്തർക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ നരേന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Comments