എറണാകുളം: ലഹരിമരുന്ന് പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ പോലീസിനെ ഭയന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവാവിന് ഗുരുതര പരിക്ക്. പോലീസ് പരിശോധനയ്‌ക്ക് എത്തിയത് അറിഞ്ഞ യുവാവ് ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്നാണ് താഴേയ്‌ക്ക് ചാടിയത്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം തൃക്കാക്കരയിലെ നവോദയയിലുള്ള ഫ്‌ളാറ്റിലായിരുന്നു സംഭവം. മുകളില്‍ നിന്ന് ചാടിയ കായംകുളം സ്വദേശി അതുലിന്(22) ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രക്ഷപെടാന്‍ വേണ്ടിയാണ് ഇയാള്‍ ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് ചാടിയതെന്നാണ് വിവരം. ബാല്‍ക്കണിയില്‍ നിന്ന് കാര്‍ ഷെഡ്ഡിന്റെ മുകളിലേക്കാണ് വീണത്. അലുമിനീയം ഷീറ്റ് തുളച്ചാണ് അതുല്‍ നിലത്തേക്ക് പതിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ അതുലിനെ പോലീസ് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു യുവതി അടക്കം ഏഴ് പേര്‍ സംഭവ സമയം ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. എംഡിഎംഎ, ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന യുവതി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫ്‌ളാറ്റിന്റെ എട്ടാം നിലയിലെ ഒരു മുറിയില്‍ ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരമാണ് പോലീസിന് ലഭിച്ചത്. തൃക്കാക്കര പോലീസും ഷാഡോ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
















Comments