ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിന് വിധേയരായവരോട് വിവരങ്ങൾ തേടി സുപ്രീംകോടതി. പരാതിയുള്ളവർ വിവരങ്ങൾ സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി പരസ്യം ചെയ്തു. ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ദസമിതിയാണ് ഇത് സംബന്ധിച്ച പൊതു അറിയിപ്പ് പുറത്തിറക്കിയത്.
[email protected] എന്ന ഈ മെയിൽ വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ആരോപണമുന്നയിക്കുന്നവർ ഫോൺ ചോർത്തുന്നു എന്നത് എങ്ങനെ മനസ്സിലാക്കി എന്നതടക്കമുള്ള വിവരങ്ങൾ കൈമാറണം എന്നാണ് നിർദ്ദേശം. കൈമാറിയ വിവരങ്ങൾ പരിശോധിച്ച ശേഷം ചോർത്തലിന് വിധേയമായ ഫോണുകളും ആവശ്യമെങ്കിൽ സമിതി ആവശ്യപ്പെട്ടേക്കും.
ജനുവരി 7 ന് മുൻപ് വിവരങ്ങൾ നൽകണം എന്നും പൊതു അറിയിപ്പിൽ പറയുന്നു. സുപ്രീംകോടതിയിൽ ഹർജി നൽകിയവരോട് ഫോൺ ചോർത്തൽ വിവരങ്ങൾ നേരത്തെ സമിതി തേടിയിരുന്നു.
Comments