ഡൽഹി: കോൺഗ്രസ്സ് നേതാവ് പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ. അടുത്ത ബന്ധുവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വന്തം വസതിയിൽ ഇന്ന് മുതൽ ക്വാറൻന്റൈനിലാണെന്ന് കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായ പ്രിയങ്ക അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക സംസ്ഥാനത്ത് സജീവമായിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ പാർട്ടിയുടെ പ്രധാന പ്രചാരകയും മുന്നിൽ നിന്ന് നയിക്കുന്നതും സോണിയ പുത്രിയാണ്. സംസ്ഥാന രാഷ്‌ട്രീയത്തിൽ തകർന്ന് തരിപ്പണമായ കോൺഗ്രസ്സിനെ ഉയർത്തെഴുന്നേൽപ്പിക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുകയാണെങ്കിലും ജന പിന്തുണ കിട്ടാത്തത് തിരിച്ചടിയാവുകയാണ്. സംഘടനാ പരമായ പോരായ്മകൾ പരിഹരിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാന കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളെല്ലാം പാർട്ടി വിടുകയോ നിർജ്ജീവമാവുകയോ ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് പ്രിയങ്കയുടെ വളരെ അടുത്ത ബന്ധുവിനും പേഴ്‌സണൽ സ്റ്റാഫിലെ ഒരംഗത്തിനും കൊറോണ സ്ഥിരീകരിച്ചത്. പ്രിയങ്കയ്‌ക്കും പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആണ് ഫലം. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് താൻ ക്വാറൻന്റൈനിൽ പ്രവേശിക്കുകയാണെന്നാണ് അവർ ട്വിറ്ററിലൂടെ അറിയിച്ചത്.
Comments